സ്പീക്കറുടെ നടപടി ജനാധിപത്യത്തിന്‍റെ വിജയം; അവസരവാദ രാഷ്ട്രീയം കളിക്കുന്നവര്‍ക്കുള്ള മറുപടി: സിദ്ധരാമയ്യ

Jaihind Webdesk
Sunday, July 28, 2019

കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സ്പീക്കറുടെ തീരുമാനത്തിലൂടെ  ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ വിജയമാണുണ്ടായതെന്ന് സിദ്ധരാമയ്യ പറഞ്ഞു. അവസാരവാദ രാഷ്ട്രീയം കളിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇത്. ബി.ജെ.പിയുടെ കെണിയില്‍ വീഴുന്ന എല്ലാവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും സിദ്ധരാമയ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് 14 എം.എല്‍.എമാരെയാണ് സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിലെ 11 എം.എല്‍.എമാരെയും ജെ.ഡി.എസിലെ മൂന്ന് എം.എല്‍.എമാരെയുമാണ് ഇന്ന് അയോഗ്യരാക്കിയത്. 17 എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയാണ് കോണ്‍ഗ്രസും ജെ.ഡി.എസും സ്പീക്കര്‍ക്ക് നല്‍കിയിരുന്നത്. ഇതില്‍ മൂന്ന് എം.എല്‍.എമാരെ നേരത്തെ അയോഗ്യരാക്കിയിരുന്നു. വിപ്പ് ലംഘിച്ചതിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനുമാണ് എം.എല്‍.എമാരെ അയോഗ്യരാക്കുന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

പ്രതാപ് ഗൗഡ പാട്ടീൽ, ബി.സി പാട്ടീൽ, മുനിരത്ന, ബൈരതി ബസവരാജ്, എസ്.ടി സോമശേഖർ, കെ സുധാകർ, റോഷൻ ബെയ്ഗ്, ആനന്ദ് സിംഗ്, എം.ടി.ബി നാഗരാജ്, ശിവറാം ഹെബ്ബാ‍ർ എന്നീ കോൺഗ്രസ് എം.എൽ.എമാരും എച്ച് വിശ്വനാഥ്, ഗോപാലയ്യ, നാരായൺ ഗൗഡ എന്നീ ജെ.ഡി.എസ് എം.എൽ.എമാരെയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കി. സ്പീക്കർ അയോഗ്യരാക്കിയ 17 പേര്‍ക്കും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. നിയമസഭയുടെ കാലാവധി തീരും വരെ ആണ് നിലവിലെ നടപടി എന്നതിനാല്‍ സഭ പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് വന്നാല്‍ മാത്രമേ ഇവർക്ക് സ്ഥാനാർഥിയാകാന‍ കഴിയൂ. അതേസമയം ബി.ജെ.പി സർക്കാരിൽ മന്ത്രിമാരാകാനോ ബോർഡ് കോർപറേഷൻ തലവന്മാരാകാനോ ഇവര്‍ക്ക് കഴിയില്ല.