കർഷകർക്കെതിരായ ജപ്തി നടപടികൾ നിർത്തിവെക്കണം: അഡ്വ. സജീവ് ജോസഫ് എംഎൽഎ

 

തിരുവനന്തപുരം: കർഷകരും, ചെറുകിട കച്ചവടക്കാരും, വിദ്യാർത്ഥികളും നേരിടുന്ന ജപ്തി നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് സജീവ് ജോസഫ് എംഎല്‍എ. ബജറ്റിന്‍റെ പൊതുചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ആശ്വാസനടപടികൾ പ്രഖ്യാപിക്കുക, കാർഷിക കടാശ്വാസ കമ്മീഷനില്‍ കെട്ടി കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കുക, റബറിന്‍റെ താങ്ങുവില 250 രൂപയായി ഉയർത്തുക, റബർ സബ്സിഡിക്കായി ആയിരം കോടി രൂപ അനുവദിക്കുക,  നെല്ലിന്‍റെ താങ്ങുവില 35 രൂപ ആക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അദ്ദേഹം സഭയില്‍ ഉന്നയിച്ചു. കശുവണ്ടി, നാളികേരം എന്നിവയ്ക്ക് വില വർദ്ധിപ്പിച്ച് സംഭരണം കാര്യക്ഷമമാക്കണമെന്നും വന്യജീവി ആക്രമണം തടയുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും അനുവദിച്ച തുക വർധിപ്പിക്കണമെന്നും സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.

ഇരിക്കൂറിലെ നിരവധി റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിന് വിശദമായ പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും ആവശ്യമായ പരിഗണന നൽകാത്തതിൽ എംഎല്‍എ പ്രതിഷേധം രേഖപ്പെടുത്തി. കൂടുതൽ തുക വകയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ധനമന്ത്രിയോട് ആവശ്യപ്പെട്ടു.

Comments (0)
Add Comment