വനിതാ മതിൽ : വിദ്യാർത്ഥിനികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കാൻ അനുവദിക്കില്ല

Jaihind Webdesk
Tuesday, December 18, 2018

KM-Abhihith-KSU

വനിതാ മതിലിൽ വിദ്യാർത്ഥിനികളെ നിർബന്ധപൂർവം പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടതിലും, ബന്ധുനിയമനം നടത്തുകയും ചെയ്ത മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് നാളെ മന്ത്രിയുടെ തവന്നൂരിലെ വീട്ടിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തുമെന്നും അഭിജിത്ത് കോഴിക്കോട് പറഞ്ഞു.

വനിതാമതിലിൽ വിദ്യാർത്ഥിനികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് അറിയിച്ചു. സംഘപരിവാറിന്‍റെ നാവായ സുഗതന്‍റെ നേതൃത്വത്തിലുള്ള വർഗീയമതിലിൽ വിദ്യാർത്ഥിനികളെ അണിനിരത്തുന്നത് അപലപനീയമാണ്. ഡി.ഇ.ഒമാരുടെ നേതൃത്വത്തിൽ നിർബന്ധപൂർവ്വം വിദ്യാർത്ഥിനികളെ പങ്കെടുപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വനിതാമതിലിന് സ്കൂൾ ബസ്സുകൾ വിട്ടു കൊടുക്കാൻ ആർ.ടി.ഒമാർക്ക് മേൽ സമർദ്ദം ചെലത്തുന്നതായി പരാതി ഉയരുന്നുണ്ട്. ഇത്തരം നിലപാടിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അഭിജിത്ത് അറിയിച്ചു.

ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു സമരം ശക്തമാക്കും. നാളെ മന്ത്രിയുടെ തവന്നൂരിലെ ഓഫീസിലേക്ക് കെ.എസ്.യു പ്രവർത്തകർ മാർച്ച് നടത്തുമെന്നും അഭിജിത്ത് പറഞ്ഞു.