തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി എത്തുന്ന സംഭാവനകൾ പ്രത്യേക ട്രഷറി അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറി. സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും സംഭാവനയായി നൽകുന്ന പണം മാത്രം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ചാൽ മതിയെന്ന് ചൂണ്ടിക്കാട്ടി പുതിയ ഉത്തരവ് സർക്കാർ പുറത്തിറക്കി.
പ്രളയ ദുരിതാശ്വാസത്തിനായി എത്തുന്ന സംഭാവനകൾ പ്രത്യേക ട്രഷറി അക്കൗണ്ടിലൂടെ കൈകാര്യം ചെയ്യുമെന്ന് കാണിച്ച് കഴിഞ്ഞ 31നാണ് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഈ ഉത്തരവ് പിൻവലിച്ചിരിക്കുകയാണ്. പണം കൈകാര്യം ചെയ്യുതിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന ഒറ്റവരി കാരണം പറഞ്ഞ് കൊണ്ടാണ് പഴയ ഉത്തരവ് പിൻവലിച്ച് പുതിയ ഓർഡർ പുറത്തിറക്കിയത്.
സർക്കാർ ജീവനക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും സംഭാവനയായി നൽകുന്ന പണം മാത്രം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ചാൽ മതിയെന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്. സർക്കാർ ജീവനക്കാർക്ക് നൽകാതെ സൂക്ഷിച്ച ഉൽസവബത്തയും ഈ അക്കൗണ്ടിലേക്ക് മാറ്റും. എന്നാൽ പൊതുജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നേരിട്ട് നൽകുന്ന സംഭാവനകൾ ഈ അക്കൗണ്ടിലേക്ക് എത്തില്ല.അതുകൊണ്ട് ത ന്നെ ഇതു വകമാറ്റി ചെലവിടലിനുള്ള അവസരമൊരുക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
1,151 കോടിയിലേറെ രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്തിയത്. പ്രളയ ഫണ്ടിലേക്ക് പൊതുജനം സംഭാവനയായി നൽകുന്ന കോടികളുടെ വിനിയോഗം സുതാര്യമാക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പ്രളയ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വേണ്ടിമാത്രം സർക്കാർ പ്രത്യേക അക്കൗണ്ട് ആരംഭിച്ചത്. തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ ധനസെക്രട്ടറിയുടെ പേരിലായിരുന്നു അക്കൗണ്ട്.
പ്രളയദുരിതാശ്വാസമായി ലഭിക്കുന്ന തുക എങ്ങനെ ചെലവിടുന്നു എന്ന് മററുളളവർക്ക് മനസിസാക്കാൻ കഴിയുതായിരുന്നു ഈ നടപടി. പഴയ ഉത്തരവ് പിൻവലിച്ച സർക്കാരിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമെന്ന കാര്യം ഉറപ്പാണ്.