സംസ്ഥാനത്ത് നടന്ന പ്രളയം സർക്കാർ നിർമ്മിതി : ഷാനിമോൾ ഉസ്മാൻ

Jaihind Webdesk
Friday, November 2, 2018

സംസ്ഥാനത്ത് നടന്ന പ്രളയം മനുഷ്യനിർമ്മിതിയല്ല, സർക്കാർ നിർമ്മിതിയെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ചെറുതോണിയിൽ പറഞ്ഞു. ഇടുക്കിയിൽ ദുരിതം ഉണ്ടാക്കുവാൻ കാരണമായ കളക്ടർക്കെതിരെ കേസ് എടുക്കണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച 24 മണിക്കൂർ നിരാഹാര സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന 24 മണിക്കൂർ ഉപവാസ സമരത്തിന്‍റെ സമാപനമാണ് ചെറുതോണിയിൽ നടന്നത്. ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിന്‍റെ നേതൃത്വത്തിൽ നടന്ന സമരത്തിന്‍റെ സമാപന സമ്മേളനം കെ.പി.സി.സി രാഷ്ട്രിയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രളയം മനുഷ്യനിർമ്മിതമല്ലെന്നും സർക്കാർ നിർമ്മിതമാണെന്നും. ഇടുക്കിയിൽ ഡാം തുറന്ന് വിട്ടതിനെ തുടർന്ന് നാശങ്ങൾ വർദ്ധിക്കുവാൻ കാരണം കളക്ടർ ക്രിയാത്മകമായ നിർദ്ദേശങ്ങൾ അവഗണിച്ചതിനാലാണെന്നും, തെളിവു നശിപ്പിക്കുവാൻ ചെക്ക് ഡാം പൊളിച്ചു മാറ്റിയ കളക്ടർക്കെതിരെ കേസ് എടുക്കണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപെട്ടു.

സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ അടിയന്തിര ധന സഹായത്തിൽ ഇടുക്കി യോടുള്ള അവഗണന അവസാനിപ്പിക്കുക, കാർഷിക വായ്പ്പകൾ എഴുതി തള്ളുക, ദുരിത ബാധിതരെ കണ്ടെത്തിയതിലുള്ള അപാകത പരിഹരിക്കുക, തുടങ്ങി 11 ഇന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിക്ഷേധ പരിപാടി സംഘടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് ബിജോ മാണി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ്‌, സി.പി മാത്യൂ, പ്രശാന്ത് രാജു, ആഗസ്തി അഴകത്ത്, എ.പി ഉസ്മാൻ, മാർട്ടിൻ വളളാടി, കെ എൻ ജലാലുദ്ദീൻ, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.