പ്രളയ ഫണ്ട് തിരിമറി : സി.പി.എം നേതാവിനെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് ; സമഗ്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സി.പി.എം നേതാവിനെയും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനേയും കസ്റ്റഡിയിലെടുക്കാതെ പൊലീസ്. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എം.എം അൻവറിന്‍റെ അക്കൗണ്ടിലേക്കാണ് 5 തവണയായി 11 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയിരുന്നത്. തട്ടിപ്പിൽ സി.പി.എമ്മിലെ ഉന്നതർക്കും പങ്കുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ പിടികൂടണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.

2018 ലെ പ്രളയ ബാധിതർക്ക് സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ദുരിതാശ്വാസഫണ്ടിൽ നിന്നും 10,54,000 രൂപ അനർഹമായി തട്ടിയെടുത്ത സി.പി.എം തൃക്കാക്കര ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗം എം.എം അൻവറിനെയും, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ വിഷ്ണു പ്രസാദിനേയും കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പാർട്ടി നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിലേക്കും പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്കും പണം നിക്ഷേപിച്ചതിന്‍റെ മുഴുവൻ രേഖകളും പൊലീസിന്‍റെ പക്കലുണ്ട്.

ജില്ലാ കളക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസെടുത്തെങ്കിലും കാര്യമായ അന്വേഷണം പോലും നടക്കുന്നില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ വിഷ്ണു പ്രസാദ് ആണ് ഒന്നാം പ്രതി. അൻവറിന്‍റെ ഭാര്യ റൗലത്ത് ഡയറക്ടർ ബോർഡ്‌ അംഗമായ അയ്യനാട് ബാങ്കിലൂടെയാണ് സർക്കാർ ഫണ്ട് തിരിമറി നടന്നിട്ടുള്ളത്. തട്ടിപ്പിൽ റൗലത്തിന് പങ്കുണ്ടെന്നും ആരോപണമുണ്ട്. ഫണ്ട് തട്ടിപ്പിന്‍റെ രേഖകൾ സഹിതം കളമശേരി സ്വദേശി സുരേഷ് ബാബു മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും നേരത്തെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. മുൻ ജില്ലാ കളക്ടറും വിഷ്ണു പ്രസാദ് ഉൾപ്പടെയുള്ള കളക്ട്രേറ്റിലെ ഏതാനും ജീവനക്കാരും ചേർന്ന്പ്രളയ ഫണ്ടിൽ നിന്നും 10 കോടിയോളം രൂപ തട്ടിയെടുത്തു എന്ന് കാണിച്ച് എൻഫോഴ്സ്മെന്‍റിന് ഗിരീഷ് ബാബു പരാതി നൽകിയിട്ടുണ്ട്.

അതേസമയം ദുരിതാശ്വാസഫണ്ടിൽ നിന്ന് വൻ തുക തട്ടിയെടുത്തത് സി.പി.എം ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് സംശയിക്കുന്നതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. അതുകൊണ്ടാണ് ജില്ലാ കളക്ടർ മുഴുവൻ തെളിവുകളോടെ പരാതി നൽകിയിട്ടും പ്രതികളെ പോലീസ് പിടികൂടാത്തതെന്നും കോൺഗ്രസ് ആരോപിക്കുന്നു. സി.പി.എം നേതാവായ അൻവറും, കളക്ട്രേറ്റിലെ സി.പി.എം സംഘടനാ നേതാവ് വിഷ്ണുപ്രസാദും ഇതിലെ കണ്ണികൾ മാത്രമാണെെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. പ്രതികളെ ഉടൻ പിടികൂടണമെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

cpm leaderFlood Relief Fund Fraud
Comments (0)
Add Comment