കൊച്ചി: സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് കേരള ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് ബോര്‍ഡുകളുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയാണ് ഇടക്കാല ഉത്തരവ് ഇറക്കിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ശ്യാംകുമാര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരിസ്ഥിതിക്ക് ഗുരുതര ദോഷം സൃഷ്ടിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. തെരഞ്ഞെടുപ്പു ഫ്ളക്സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുണ്ട്. ഈ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലേക്ക് ശ്യാമിന്റെ ഹര്‍ജിയും മാറ്റണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചത് ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണെന്ന് എടുത്തു പറഞ്ഞു കൊണ്ടാണ് ഹൈക്കോടതി ഫ്ളക്സ് ബോര്‍ഡുകളുടെ ഉപയോഗം നിരോധിച്ചത്.