തൃശൂർ പൂരത്തിന് കൊടിയേറി. കൊവിഡ് നിബന്ധനകൾ പാലിച്ചാണ് തിരുവമ്പാടിയിലും പാറമേക്കാവിലും ഒപ്പം എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങ് നടന്നത്. 23 നാണ് തൃശൂർ പൂരം.
തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.40നായിരുന്നു കൊടിയേറ്റം. പാരമ്പര്യ അവകാശികളില്‍ പെട്ട താഴത്തുപുരക്കല്‍ സുഷിത്താണ് കൊടിമരം ഒരുക്കിയത്. ഭൂമി പൂജക്കുശേഷം തട്ടകക്കാർ കൊടിമരമുയര്‍ത്തി. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി പൊഴിച്ചൂര്‍ ദിനേശന്‍ എന്നിവർ താന്ത്രിക ചടങ്ങുകള്‍ നിയന്ത്രിച്ചു.
തിരുവമ്പാടിക്ക് പിന്നാലെ പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ് നടന്നു. പാരമ്പര്യ അവകാശികളായ ചെമ്പില്‍ കുട്ടന്‍ ആശാരിയാണ് കൊടിമരമൊരുക്കിയത്. തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേടത്ത് വാസുദേവന്‍ നമ്പൂതിരി എന്നിവർ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി. പാറമേക്കാവിലെ കൊടിയേറ്റിന് ശേഷം പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ മേളവും അരങ്ങേറി.
കോവിഡ് സാഹചര്യത്തില്‍ പൂരത്തിന് ഇത്തവണ കര്‍ശന നിയന്ത്രണങ്ങളാണുള്ളത്. 72 മണിക്കൂര്‍ മുന്‍പുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിന്‍റെയോ, വാക്സിനെടുത്തതിന്‍റെയോ സാക്ഷ്യപത്രം ഉള്ളവര്‍ക്ക് മാത്രമേ പൂര നഗരിയിലേക്ക് പ്രവേശിക്കാനാകൂ.