
മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറന്‍ മാലിയിലെ കോബ്രിക്ക് സമീപം വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വൈദ്യുതീകരണ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കമ്പനിയിലെ ജീവനക്കാരായിരുന്ന ഇവരെ സായുധരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതോടെ കമ്പനിയുടെ മറ്റ് ഇന്ത്യന്‍ തൊഴിലാളികളെ തലസ്ഥാനമായ ബമാക്കോയിലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ആഭ്യന്തര കലഹം രൂക്ഷമായ മാലിയില്‍ അല്‍-ഖ്വയ്ദയും ഐസിസ് ബന്ധമുള്ള ഇസ്‌ളാമിക് ഭീകരസംഘടനകളും രാജ്യത്ത് അക്രമം വര്‍ദ്ധിപ്പിക്കുന്നതിനിടെയാണ് ഈ സംഭവം. തട്ടിക്കൊണ്ടുപോയ തൊഴിലാളികളെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ബമാക്കോയിലെ ഇന്ത്യന്‍ എംബസി മാലി അധികാരികളുമായി ബന്ധപ്പെട്ടുവരികയാണ്. സെപ്റ്റംബറില്‍ ഗ്രൂപ്പ് ഫോര്‍ ദി സപ്പോര്‍ട്ട് ഓഫ് ഇസ്ലാം ആന്‍ഡ് മുസ്ലിംസ് ( JNIM) തീവ്രവാദികള്‍ ബമാക്കോയ്ക്ക് സമീപം രണ്ട് എമിറാറ്റി പൗരന്മാരെയും ഒരു ഇറാനിയെയും തട്ടിക്കൊണ്ടുപോയിരുന്നു. ഏകദേശം 50 മില്യണ്‍ യുഎസ് ഡോളര്‍ മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവരെ വിട്ടയച്ചത്. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള വിഭാഗമാണ് JNIM.
മാലിയില്‍ വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് അസാധാരണമല്ല. 2012 മുതല്‍ തുടര്‍ച്ചയായ അട്ടിമറികളും ജിഹാദി ആക്രമണങ്ങളും രാജ്യത്തിന്റെ നിയന്ത്രണം ഇല്ലാതാക്കിയിട്ടുണ്ട്. മാലിയുടെ തലസ്ഥാനമായ ബമാക്കോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെങ്കിലും, JNIM തലസ്ഥാനത്തേക്ക് മുന്നേറുമോ എന്ന ആശങ്കയിലാണ് മാലിയിലെ ജനത. ഈ തീവ്രവിഭാഗം ആധിപത്യം സ്ഥാപിക്കുന്ന പ്രദേശങ്ങളില്‍, കര്‍ശന മതനിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പൊതുവിടങ്ങളില്‍ ഹിജാബ് ധരിക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.