ന്യൂഡൽഹി : കൊവിഡ്-19 രോഗത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ അനുമതി. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ആണ് അനുമതി നൽകിയത്. ഇതിനായി സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നവരില്‍ തിങ്കളാഴ്ച മുതല്‍ മരുന്ന് പരീക്ഷണം നടത്താനാണ് നീക്കം.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന്‍റെ പരീക്ഷണം നടത്താൻ എയിംസ് ഉൾപ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR) തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാവും മനുഷ്യരിലെ പരീക്ഷണം. ആദ്യ ഘട്ടത്തില്‍ 375 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. ഇതില്‍ 100 പേർ എയിംസില്‍ നിന്നുള്ളവരാകും.
കൊവിഡ് ബാധിച്ചിട്ടില്ലാത്ത, 18നും 55നും ഇടയിൽ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുകയെന്ന് എയിംസ് സെന്‍റർ ഫോർ കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ. സഞ്ജയ് റായ് പറഞ്ഞു. താൽപര്യമുള്ളവർക്ക് [email protected] എന്ന മെയിൽ ഐഡിയിലേക്കോ, 7428847499 എന്ന നമ്പരിൽ വിളിച്ചോ എസ്.എം.എസ് അയച്ചോ മരുന്ന് പരീക്ഷണത്തില്‍ പങ്കെടുക്കാം.
ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ആണ് ഐ.സി.എം.ആറുമായും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായും സഹകരിച്ച് കോവാക്സിൻ വികസിപ്പിച്ചത്. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, മനുഷ്യരില്‍ ഈ വാക്സിന്‍ പരീക്ഷിക്കുന്നതിന് അടുത്തിടെ അനുമതി നൽകിയിരുന്നു.