കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

Jaihind News Bureau
Monday, July 20, 2020

 

കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച ലോകജനതയ്ക്ക് ബ്രിട്ടണിൽ നിന്നും ആശ്വാസ വാർത്ത. ബ്രിട്ടണിലെ ഓക്‌സ്‌ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരമായെന്ന് അധികൃതർ അറിയിച്ചു.

ഓക്സ്ഫോർഡ് കോവിഡ്-19 വാക്സിൻ ട്രയലിന്‍റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷി ഉയർത്താൻ സഹായിക്കുന്നതുമാണെന്ന് മെഡിക്കൽ ജേണൽ ദി ലാൻസെറ്റിന്‍റെ ചീഫ് എഡിറ്റർ റിച്ചാർഡ് ഹോർട്ടണ്‍ പ്രതികരിച്ചു.  വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ സെപ്റ്റംബർ മാസത്തോടെ തന്നെ മരുന്ന് ഉൽപാദനം ആരംഭിക്കാനാകും.

1077 പേരിലാണ് വാക്‌സിൻ പരീക്ഷിച്ചത്. വാക്‌സിൻ സ്വീകരിച്ച ആർക്കും തന്നെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും വാക്‌സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു. അതേസമയം ആദ്യഘട്ട പരീക്ഷണം വിജയകരമാണെങ്കിലും അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ വാക്സിന്‍ വിപണിയിൽ എത്തൂ. പതിനായിരത്തിലേറെ പേരിലാണ് അടുത്ത ഘട്ടത്തിൽ വാക്‌സിൻ പരീക്ഷിക്കുക.

വാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിൽ എത്തിയതിന് പിന്നാലെ തന്നെ ബ്രീട്ടിഷ് സർക്കാർ നൂറ് മില്യൺ യൂണിറ്റ് വാക്സിൻ നി‍ർമ്മിക്കാനുള്ള ഓർഡർ നൽകിയിട്ടുണ്ട്. നിലവിൽ മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ ട്രയലിന്‍റെ അടുത്ത രണ്ട് ഘട്ടം കൂടി വിജയകരമായി പൂ‍ർത്തിയാക്കിയാൽ സെപ്റ്റംബറോടെ വാക്സിൻ ആ​ഗോളവ്യാപകമായി ലഭ്യമാക്കാം എന്ന പ്രതീക്ഷയിലാണ് നി‍ർമ്മാതാക്കൾ.