വോട്ടെടുപ്പില്‍ ഇടപെട്ട് ‘അജ്ഞാതന്‍’ ; മണിക്കൂറുകളോളം ബൂത്തിനുള്ളിലിരുന്നിട്ടും ഉദ്യോഗസ്ഥര്‍ ‘കണ്ടില്ല’; ഗുരുതര വീഴ്ച | വീഡിയോ

Jaihind Webdesk
Monday, May 13, 2019

വോട്ടെടുപ്പില്‍ അനധികൃത ഇടപെടല്‍ നടത്തിയ ആള്‍ കസ്റ്റഡിയില്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട വോട്ടെടുപ്പിനിടെ ഹരിയാനയിലെ ഫരീദാബാദിലെ ഒരു ബൂത്തിലായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിഷയം ചര്‍ച്ചയായി. ഇത്രയും ഗുരുതര വീഴ്ചയുണ്ടായിട്ടും ഇതൊന്നും കാര്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നു.

ഓരോ വോട്ടറുടെ അടുത്തേക്കും ഇയാള്‍ എത്തുന്നതും അല്‍പസമയത്തിനുശേഷം തിരിച്ചുവരുന്നതും ദൃശ്യങ്ങളില്‍ കാണാം. വോട്ടിംഗ് മെഷീനില്‍ ഇയാള്‍ എന്തോ ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടെന്നും ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും ഫരീദാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസ് അറിയിച്ചു.

വോട്ടര്‍മാരുടെ സമ്മിതിദാനാവകാശത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ഇത് പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടാതെ പോയത് അവിശ്വസനീയമാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്.  പുറത്തുനിന്നൊരാള്‍ ബൂത്തിനുള്ളില്‍ എങ്ങനെ കടന്നുകയറി എന്ന ചോദ്യത്തിനും ഉത്തരമില്ല. വോട്ടെടുപ്പിലുണ്ടായ ഗുരുതരമായ വീഴ്ച ആരുടെയെങ്കിലും അറിവോടെയാണോയെന്നും ചോദ്യം ഉയരുന്നു. ഇത്രയും ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിട്ടും ഇതൊന്നും ‘അറിയാത്ത’ ഉദ്യോഗസ്ഥരുടെ നടപടി സംശയാസ്പദമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ബി.ജെ.പി ഭരിക്കുന്ന ഹരിയാനയില്‍ ഇങ്ങനെയുള്ള സംഭവങ്ങളില്‍ അതിശയിക്കാനില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയരുന്നു.

ഇതിന് പിന്നില്‍ ബി.ജെ.പി അല്ലെങ്കില്‍ ഞാന്‍ 500 രൂപ നല്‍കാം എന്നായിരുന്നു ഒരാളുടെ കമന്‍റ്. ഒരു പൂജ്യം കൂടി കൂട്ടി 5,000 നല്‍കാന്‍ തയാറാണെന്നായിരുന്നു അതിന് മറ്റൊരാളുടെ രസകരമായ മറുപടി.

അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നാണ് അധികൃതരുടെ പക്ഷം.