കള്ളവോട്ട്: കാസര്‍ഗോട്ടെ നാല് ബൂത്തുകളില്‍ 19ന് റീപോളിംഗ്

Jaihind Webdesk
Thursday, May 16, 2019

കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തിയ നാല് ബൂത്തുകളിൽ റീ പോളിംഗ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടമായ മെയ് 19 ന് റീ പോളിംഗ് നടക്കും. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്ല്യാശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക. നാലു ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി.

കാസർഗോഡ് കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവിടങ്ങളിലുമാണ് റീ പോളിംഗ് നടത്തുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

നാല് ബൂത്തുകളിലും ഏപ്രിൽ 23ന് നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസർമാരുടെ റിപ്പോർട്ടുകളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ജനറൽ ഒബ്‌സർവറുടെയും റിപ്പോർട്ടുകളും മറ്റ് തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത്. ജനപ്രാതിനിധ്യ നിയമം 1951 ലെ സെക്ഷൻ 58 ഉപയോഗിച്ചാണ് കമ്മീഷന്‍റെ നടപടി. തെരഞ്ഞെടുപ്പിന് ആവശ്യമായ ഒരുക്കങ്ങൾ നടത്താനും വിവരം രാഷ്ട്രീയ കക്ഷികളെ അറിയിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടേണിംഗ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ജനറൽ ഒബ്‌സർവർമാരെയും വിവരം ധരിപ്പിക്കും.