രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; പണപ്പെരുപ്പം ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്നും റിപ്പോർട്ട്

രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രസ്താവന പൊതുജനത്തിന്‍റെ കണ്ണില്‍ പൊടിയിടാനുള്ളത് മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പണപ്പെരുപ്പം ആറു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ പണപ്പെരുപ്പം 7.6 ശതമാനമായി ഉയര്‍ന്നു. വ്യാവസായിക ഉത്പാദന മേഖലയിലെ മാന്ദ്യം പ്രതികൂലമായി ബാധിച്ചുവെന്നും കഴിഞ്ഞ മാസം ഉത്പാദനത്തില്‍ 0.3 ശതമാനത്തിന്‍റെ കുറവുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വൈദ്യുത ഉത്പാദനത്തിലും കഴിഞ്ഞ മാസം 0.1 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. പച്ചക്കറി, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ധനയാണ് പണപ്പെരുപ്പം വീണ്ടും ഉയരാന്‍ ഇടയാക്കിയത്. പണപ്പെരുപ്പം നാല് ശതമാനമായി നിലനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നെങ്കിലുംകണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പണപ്പെരുപ്പം ഉയരുകയാണെന്നും ഇത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, പാര്‍ലമെന്‍റില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ചോദ്യത്തിന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ല എന്നായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ മറുപടി. ഇതിനു പിന്നാലെയാണ് പണപ്പെരുപ്പം ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Nirmala Sitharamaneconomic crisisInflation
Comments (0)
Add Comment