ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. ആദ്യ ഘട്ട പോളിങ്ങിനുള്ള നാമനിർദേശപത്രികയുടെ സൂക്ഷ്മപരിശോധന ഇന്ന് പൂർത്തിയാവും. അതേസമയം ദേശീയതലത്തിൽ ഏറെ രാഷ്ട്രീയമാറ്റങ്ങളും തിരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് പ്രതിഫലിക്കുന്നുണ്ട്.
രണ്ടാം ഘട്ട പോളിങ് നടക്കുന്ന തമിഴ്‌നാട്ടിലെ 39 സീറ്റുകളുൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നലെ മൂന്ന് മണിയോടെ അവസാനിച്ചു. ഇന്നാണ് ഇവയുടെ സൂക്ഷ്മ പരിശോധന. 29നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. രാജസ്ഥാനിൽ രണ്ട് റാലികളെ അഭിസംബോധന ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രവർത്തക കൺവെൻഷനിലും പങ്കെടുത്തു.ഉത്തർപ്രദേശിലെ മൊറാദാബാദിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പങ്കെടുത്തത് . അതിനിടെ നടിയും സമാജ് വാദി എം.പിയുമായിരുന്ന ജയപ്രദ ബി.ജെ.പിയിൽ ചേർന്നു. റാംപൂരിൽ അസംഖാനെതിരെ ജയപ്രദ മത്സരിച്ചേക്കും. ലോക്‌സഭ സീറ്റ് കിട്ടാത്തതിനെത്തുടർന്ന് ഒഡിഷ ഉപാധ്യക്ഷൻ സുഭാഷ് ചൌഹാൻ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. ഇന്ന് നടത്താനിരുന്ന പ്രിയങ്ക ഗാന്ധിയുടെ അയോധ്യ റാലി 29ലേക്ക് മാറ്റി. പകരം നാളെയും മറ്റന്നാളും അമേഠി, റായ് ബറേലി മണ്ഡലങ്ങളിൽ പര്യടനം നടത്തും. സാം പിത്രോഡയെ കോൺഗ്രസ് പ്രചാരണ മോണിറ്ററിങ് കമ്മിറ്റി തലവനായി നിശ്ചയിച്ചു. ഉത്തർപ്രദേശിൽ നിഷാദ് പാർട്ടിയും ജൻവാദി പാർട്ടിയും എസ്.പി-ബി.എസ്.പി സഖ്യത്തിൽ ചേർന്നു.