കടക്കെണി: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: കടക്കെണി മൂലം വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ഇരുളം അങ്ങാടിശേരി ചാത്തമംഗലം പന്നിമറ്റത്തില്‍ ദിവാകരന്‍ (63) ആണ് മരിച്ചത്.  വ്യാഴാഴ്ച രാവിലെ മകന്റെ ഭാര്യ ചായയുമായി എത്തിയപ്പോഴാണ് ദിവാകരനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യത മൂലമാണ് ദിവാകരന്‍ മരിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇരുളം ഗ്രാമീണ ബാങ്കില്‍ നിന്നും വായ്പയെടുത്ത നാലരലക്ഷം രൂപ ഇപ്പോള്‍ കുടിശ്ശികയായി അറുപത് ലക്ഷം രൂപയായി. ബത്തേരി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് മക്കളുടെ വിദ്യാഭ്യാസ വായ്പ കുടിശ്ശികയടക്കം അഞ്ച് ലക്ഷം രൂപയും കെ.എസ്.എഫ്.ഇ.യില്‍ നാല് ലക്ഷം രൂപയും കടമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. മൂന്നരയേക്കര്‍ സ്ഥലം ഉണ്ടെങ്കിലും കാര്‍ഷിക വിളകള്‍ പൂര്‍ണമായി നശിച്ചതോടെ വരുമാനങ്ങളെല്ലാം നിലച്ചിരുന്നു.
ഇതിനിടെ ദിവാകരന്റെ ഭൂമി വനംവകുപ്പ് കണ്ടുകെട്ടിയതോടെ 2003 മുതല്‍ ഭൂമിക്ക് നികുതിയടക്കാനും സാധിക്കുന്നില്ല.

ഇതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ജാമ്യം നിന്നവരുടെ പേരില്‍ ലോണ്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചതും ദിവാകരനെ വിഷമത്തിലാക്കി. ഭാര്യ ലീല രണ്ട് മാസം മുമ്പ് ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
കേണിച്ചിറ പോലീസ് ഇന്ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മക്കള്‍: രാഹുല്‍, ധനില്‍. മരുമക്കള്‍: സൂര്യ, അശ്വതി. ബാങ്ക് അധികൃതരുടെ നിരന്തരമായ ഭീഷണിയാണ് ദിവാകരന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന് നാട്ടുകാരും പറയുന്നു.

Comments (0)
Add Comment