ഫാനി എത്തുന്നു; നാളെ മുതല്‍ കാറ്റിനും മഴയ്ക്കും സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

Jaihind Webdesk
Saturday, April 27, 2019

fani cyclone

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏപ്രില്‍ 30ന്  വൈകിട്ടോടുകൂടി തമിഴ്നാട്- ആന്ധ്ര തീരങ്ങളിലേക്ക് ഫാനി ചുഴലിക്കാറ്റ് എത്തുമെന്നാണ് കണക്കാക്കുന്നത്.

ഫാനിയുടെ വരവിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളതീരത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച രാവിലെ മുതല്‍ മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. ഏപ്രില്‍ 29, 30 തീയതികളില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ ഏപ്രില്‍ 29നും കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഏപ്രില്‍ 30നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെയുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ ഇനിയും കുറച്ചുപേര്‍ മടങ്ങിവരാനുണ്ട്. എത്രയും പെട്ടെന്ന് ഇവര്‍ തൊട്ടടുത്ത തീരത്ത് എത്തിച്ചേരണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വലിയതുറ മുതല്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാണ്. നിരവധി വീടുകളും കെട്ടിടങ്ങളും കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. വലിയതുറയില്‍ പതിനഞ്ചോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ തീരത്ത് നിന്നും വള്ളങ്ങളും മറ്റും മാറ്റുന്ന ജോലിയിലാണ് മത്സ്യതൊഴിലാളികള്‍.

ഫാനി ചുഴലിക്കാറ്റിന്‍റെ സഞ്ചാര ദിശ കാണാം :