പി.കെ ശ്യാമളയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി സാജന്‍റെ കുടുംബം

Jaihind Webdesk
Saturday, June 22, 2019

Beena-Sajan-Kannur-Pravasi

പ്രവാസിയുടെ ആത്മഹത്യയെ തുടർന്ന് വെട്ടിലായ സി.പി.എം സമവായത്തിന് ശ്രമിക്കുന്നതിനിടെ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമളക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സാജന്‍റെ കുടുംബം. പി ജയരാജന്‍ വിഷയത്തില്‍ ഇടപെട്ടത് പി.കെ ശ്യാമളയ്ക്ക് കനത്ത എതിര്‍പ്പിന് ഇടയാക്കിയെന്ന് ആത്മഹത്യ ചെയ്ത സാജന്‍റെ ഭാര്യ ബീന പറയുന്നു. നഗരസഭാധ്യക്ഷയുടെ കസേരയില്‍ താനിരിക്കുന്നിടത്തോളം കാലം അനുമതി നല്‍കില്ലെന്ന് സാജനോട് ശ്യാമള ഉറപ്പിച്ചുപറഞ്ഞതായി ബീന പറയുന്നു.

കണ്‍വെന്‍ഷന്‍ സെന്‍ററിന്‍റെ അനുമതിക്കായി നിരവധി തവണ നഗരസഭ കയറിയിറങ്ങിയെങ്കിലും അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന് ബീന പറയുന്നു. ജയരാജന്‍റെ മകന്‍റെ കല്യാണത്തിന് പോയ കാര്യം പറഞ്ഞു പോലും അപമാനിച്ച് സംസാരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ജയരാജനെ വീണ്ടും പോയി കണ്ടാല്‍ അവര്‍ക്ക് പക കൂടുമെന്നും കൂടുതല്‍ ദ്രോഹിക്കുമെന്നും സാജന്‍ പറഞ്ഞിരുന്നുവെന്നും ബീന വ്യക്തമാക്കി.

അനുമതി ലഭിക്കാതെ വന്നപ്പോള്‍ ബീനയുടെ അച്ഛന്‍ നഗരസഭാധ്യക്ഷയെ കാണാന്‍ ചെന്നിരുന്നുവെങ്കിലും അദ്ദേഹത്തെയും അപമാനിച്ച് തിരിച്ചയക്കുകയാണുണ്ടായതെന്നും ബീന വെളിപ്പെടുത്തി. സാജന്‍റെ ആത്മഹത്യയോടെ പ്രതിക്കൂട്ടിലായ സി.പി.എംസമവായശ്രമങ്ങളുമായി എത്തിയതായും ബീന പറയുന്നു. വിഷയത്തില്‍ സി.പി.എം രാഷ്ട്രീയവിശദീകരണയോഗം നടത്താനിരിക്കെയാണ് കൂടുതല്‍ ആരോപണങ്ങളുമായി ആത്മഹത്യ ചെയ്ത സാജന്‍റെ കുടുംബം രംഗത്തെത്തിയിരിക്കുന്നത്.