കള്ളവോട്ട്: റീ പോളിംഗ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

Jaihind Webdesk
Saturday, April 27, 2019

Mullapaplly-Ramachandran

വ്യാപകമായി കളളവോട്ട് നടന്ന  ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യാപകമായി കള്ളവോട്ട് നടന്ന ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണം. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി.പി.എമ്മിന് കള്ളവോട്ട് ആചാരവും അനുഷ്ടാനവുമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം പഞ്ചായത്തിൽ ഉൾപ്പെടെ കള്ളവോട്ട് നടന്നിട്ടുണ്ട്. കള്ളവോട്ട് ചെയ്യാനായി സി.പി.എം പ്രവർത്തകർ ആൾമാറാട്ടമാണ് നടത്തിയിട്ടുള്ളത്. സി.പി.എം പ്രവർത്തകർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കള്ളവോട്ട് ചെയ്തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ബൂത്തിൽ ഉൾപ്പെടെ കള്ളവോട്ട് ചെയ്തിട്ടുണ്ട്. പാട്യം പഞ്ചായത്തിലെ 9 ബൂത്തുകളിൽ യു.ഡി.എഫ് ഏജന്‍റുമാരെ ഇരിക്കാൻ അനുവദിച്ചില്ല. വ്യാപകമായി കളളവോട്ട് നടന്ന  ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

സംഘടിതമായി ബൂത്ത് ലെവല്‍ ഏജന്‍റുമാരുടെ ഒത്താശയോടെയാണ് കള്ളവോട്ട് ചെയ്തത്. ഈ ഉദ്യോഗസ്ഥരെ വെച്ച് തെരഞ്ഞെടുപ്പ് നടത്തരുത്. നിർഭയമായി വോട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് പലസ്ഥലങ്ങളിലും  ഉണ്ടായത്. നിർഭയവും നീതിപൂർണവുമായ തെരഞ്ഞെടുപ്പ് നടന്നാല്‍ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒരു സ്ഥലത്തും സി.പി.എം ജയിക്കില്ല. വ്യാപകമായി കള്ളവോട്ട് നടന്ന കാര്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തി.  ഓപ്പൺ വോട്ട് ചെയ്തത് സംബന്ധിച്ച് പരിശോധന നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു. 14 A രജിസ്റ്ററിൽ ഒപ്പ് വെക്കാതെയാണ് ഓപ്പൺ വോട്ട് ചെയ്തത്. ജനാധിപത്യത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പ്രതികരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കേസുകൾ അനന്തമായി നീട്ടികൊണ്ടു പോകുന്നത് ശരിയല്ല. ഇതിനായി അതിവേഗ കോടതി സ്ഥാപിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.