ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെ വ്യാജപ്രചാരണം ; സി.പി.എം നേതാവിനെതിരെ ഡി.ജി.പിക്ക് പരാതി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സി.പി.എം നേതാവിനെതിരെ പൊലീസില്‍ പരാതി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയെ വ്യക്തിഹത്യ നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുധീർ ഷായാണ് പരാതി നല്‍കിയത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

സി.പി.എം നേതാവ് സോമരാജ് സി.ടിയാണ് ഷാഫി പറമ്പില്‍ എം.എല്‍.എയെ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ വ്യാജ പ്രചാരണം നടത്തിയത്. ”ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നാകും” എന്നായിരുന്നു സോമരാജിന്‍റെ വ്യാജപ്രചാരണം. സി.പി.എം പുന്നയൂർക്കുളം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പുന്നയൂർക്കുളം മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാണ് സോമരാജ്.

കൊവിഡ് കാലത്ത് വ്യാജവാർത്ത പ്രചരിപ്പിക്കരുതെന്നും പ്രചരിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ആവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ ഒരംഗം തന്നെയാണ് ഇത്തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തിയത്. ഇത്തരത്തില്‍ ഒരു ജനപ്രതിനിധിക്കെതിരെ അപവാദപ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയിട്ടുപോലും സി.പി.എം നേതാവ് സോമരാജിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

Comments (0)
Add Comment