കടവുളിനും മീതേയാണ് കാരണഭൂതന്‍!! പഴനി, രാമേശ്വരം, വഴി മധുര പാര്‍ട്ടി കോണ്‍ഗ്രസിലേയ്ക്ക് വിനോദയാത്ര

Jaihind News Bureau
Saturday, February 22, 2025

ആത്മീയമോ ഭൗതികമോ അതോ വൈരുദ്ധ്യാത്മിക ഭൗതികമോ…ഏതു ലൈന്‍ വേണം. കടുത്ത കണ്‍ഫ്യൂഷനിലാണ് അണികള്‍. നേതാക്കളാവട്ടെ സ്വത്വരാഷ്ട്രീയത്തിനെതിരേയും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നുമൊക്ക പ്രസംഗിച്ച് പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രമേയം പാസ്സാക്കും, പിറ്റേന്നു തന്നെ തലയില്‍ മുണ്ടിട്ട് ഇതിനെതിരേ പ്രവര്‍ത്തിക്കും. ഇവരെയെല്ലാം കണ്ടുകൊണ്ടിരിക്കുന്ന അണികള്‍ എന്തു ചെയ്യും. ഒരു വഴി കണ്ടെത്തിയത് കാസര്‍കോട്ടെ സഖാക്കളാണ്. അന്തം കമ്മികളായ ഇവര്‍ ഇതു രണ്ടും ബാലന്‍സ് ചെയ്തു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനായി ഒരു അത്മീയ – വിനോദയാത്ര സംഘടിപ്പിച്ചിരിക്കുകയാണിവര്‍. ഭക്തിമാര്ർഗ്ഗത്തിലൂടെ വിപ്ളം സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

കാസര്‍കോട്ടെ കൊടക്കാട് ബാങ്ക് ഭാരവാഹികളായ സഖാക്കളാണ് പാര്‍ട്ടി ഭക്തിയും ഹൈന്ദവഭക്തിയും ഒന്നിച്ചു കൊണ്ടു പോകുന്നതില്‍ ഒരുപാര്‍ട്ടി മോഡല്‍ തയ്യാറാക്കിയിരിക്കുന്നത് . കമ്മികള്‍ ഭരിക്കുന്ന ഒരു സഹകരണബാങ്ക് ഇത്തരത്തിലൊരു വിനോദയാത്ര പ്‌ളാന്‍ ചെയ്തതാണ് ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ട് എയറിലായിരിക്കുന്നത്. പഴനിയും, മധുരമീനാക്ഷിയും രാമേശ്വരവും സന്ദര്‍ശിച്ചിക്കുന്നതിനോടൊപ്പം പാര്‍ട്ടി കോണ്‍്രഗസിലും പങ്കെടുക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. അങ്കവും കാണാം താളിയും ഒടിക്കാം. ആനന്ദലബ്ധിയ്്ക് ഇനി എന്തു വേണം

അമ്പലസമിതികളിലും പള്ളിക്കക്കമ്മറ്റികളിലും യുക്തരായ സഖാക്കളെ തിരുകി കയറ്റണമെന്നാണ് പാര്‍ട്ടി ലൈന്‍. അവരെന്തായാലും ഇങ്ങോട്ടില്ല, അതിനാല്‍ ഉത്സവക്കമ്മിറ്റികളിലും പള്ളി ഭരണത്തിലുമൊക്കെ കയറിപ്പറ്റുക എന്നതായിരുന്ന ഇതുവരെയുള്ള പരിശ്രമങ്ങള്‍. എന്നാല്‍ ഇത് അതുക്കും മേലേയാണ് സഖാക്കള്‍ക്കായി ഒരു ആത്മീയ യാത്ര പ്‌ളാന്‍ ചെയ്തിരിക്കുന്നത്. ബസ്സില്‍ കയറിയാല്‍ പാര്‍ട്ടി സൂക്തങ്ങള്‍ മാത്രമാകുമോ ഉറക്കെ ചൊല്ലുക എന്നതാണ് അറിയേണ്ടത്.

മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സാധിക്കും വിധം ഏപ്രില്‍ നാലിന് തുടങ്ങി ഏഴിന് അവസാനിക്കും വിധമാണ് വിനോദയാത്ര ക്രമീകരിച്ചിട്ടുള്ളത്. ഏപ്രില്‍ നാലിന് യാത്ര കാസര്‍കോടു നിന്ന് എയര്‍ കണ്ടിഷന്‍ ബസില്‍ ആരംഭിക്കും . അഞ്ചിന് പുലര്‍ച്ചെ പഴനി, മധുര മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങില്‍ യാത്രികര്‍ക്ക് തൊഴുത് പ്രാര്‍ത്ഥിക്കാം. തുടര്‍ന്ന് ഉച്ച ഭക്ഷണത്തിന് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന പുണ്യസ്ഥലങ്ങളില്‍ എത്തും. അവിടു്‌ത്തെ ഒട്ടേറെ ‘കടവുളൈ’ നേരിട്ടു കാണാം. (വേണമെന്നുള്ളവര്‍ക്കു തൊട്ടു നോക്കാം..) പാര്‍ട്ടി കോണ്‍ഗ്രസ് വേദി സന്ദര്‍ശിച്ച് നേതാക്കളെ ദര്‍ശിച്ച ശേഷം വൈകുന്നേരം കാലിച്ചായയും കുടിച്ച് ശേഷം മോക്ഷനഗരിയായ രാമേശ്വരത്തേക്ക് പോകും. അന്ന് വൈകിട്ട് അവിടെയാണ് ആത്മീയ-വിനോദയാത്രാ സംഘം തങ്ങുന്നത്. ആറിന് പാമ്പന്‍ പാലം, എ.പി.ജെ അബ്ദുള്‍ കലാം മ്യൂസിയം ധനുഷ്‌കോടി എന്നിവ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്ന സംഘാംഗങ്ങളെ പിറ്റേന്ന് രാവിലെ വീടുകളിലെത്തിക്കും വിധമാണ് പരിപാടിയുടെ ക്രമീകരണം. ഒരാള്‍ക്ക് 4700 രൂപയാണ് ഈ പാക്കേജിന് ഈടാക്കുന്നത്.

കാസര്‍കോട് കൊടക്കാട് പ്രദേശം പാര്‍ട്ടി ഗ്രാമം കൂടിയാണ്. അവിടെ വര്‍ഷങ്ങളായി പാര്‍ട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനമാണ് ഇത്തരം ഭക്തിനിര്‍ഭരമായ പാര്‍ട്ടി പരിപാടി സഖാക്കള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. ഇതിനൊക്കെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇത്രമാത്രം കളിയാക്കാന്‍ തക്ക കാര്യങ്ങള്‍ എന്താണെന്നാണ് സംഘാടകരുടെ ചോദ്യം.