‘പരിസ്ഥിതി മന്ത്രിയുടെ ജോലി പരിസ്ഥിതി സംരക്ഷണമാണ്, അല്ലാതെ ബിസിനസുകാരെ സഹായിക്കലല്ല’ : രൂക്ഷ വിമർശനവുമായി ജയറാം രമേശ്

Jaihind Webdesk
Saturday, June 29, 2019

Jairam-Ramesh

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ പരിസ്ഥി മന്ത്രിയുമായ ജയറാം രമേശ്. പരിസ്ഥിതി മന്ത്രിയുടെ പ്രധാന കടമ പരിസ്ഥിതി സംരക്ഷണമാണെന്നും അല്ലാതെ ബിസിനസുകാര്‍ക്കൊപ്പം നിന്ന് അവരുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കലല്ലെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനവും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചർച്ചയിലാണ് ജയറാം രമേശ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. സര്‍ക്കാര്‍ വന സംരക്ഷണ നിയമത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും വനാവകാശ നിയമത്തെ അവഗണിക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. തീരദേശ നിയന്ത്രണ മേഖലയെ സര്‍ക്കാര്‍ ഉദാരവല്‍ക്കരിച്ചതായും അദ്ദേഹം പറഞ്ഞു.

‘നിരവധി പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഒരു പരിസ്ഥിതി മന്ത്രിയാണ് നമുക്കുള്ളത്. പരിസ്ഥി സംരക്ഷണത്തിനല്ല അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. ബിസിനസുകാരുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി അവരെ സഹായിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് ബിസിനസുകാര്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുക്കുന്നതിനേക്കാള്‍ പ്രധാനമെന്ന് പരിസ്ഥിതി മന്ത്രി ഇവിടെ എഴുന്നേറ്റ് നിന്ന് പറയാന്‍ ആർജവം കാട്ടണം’ – ജയറാം രമേശ് പറഞ്ഞു.

പാരിസ്ഥിതിക നയങ്ങളെല്ലാം  ഉദാരവത്ക്കരിക്കാന്‍ പോകുകയാണെങ്കില്‍ പിന്നെ എങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കാര്യം ഗൗരവത്തിലെടുക്കാനാകുമെന്നും ജയറാം രമേശ് ചോദിച്ചു. ബിസിനസുകാര്‍ക്കായി പാരിസ്ഥിതിക നയങ്ങള്‍ ദുര്‍ബലപ്പെടുത്തില്ലെന്നും അവ കൃത്യമായി നടപ്പാക്കുമെന്നും പറയാനുള്ള ചങ്കൂറ്റം സര്‍ക്കാര്‍ കാണിക്കണമെന്നും ജയറാം രമേശ് രാജ്യസഭയില്‍ പറഞ്ഞു.