‘പുതുപ്പള്ളി വിട്ടുപോകല്ലേ…’ കരച്ചിലോടെ പ്രവർത്തകർ, വികാരാധീനനായി ഉമ്മന്‍ ചാണ്ടി

 

കോട്ടയം : പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ ചാണ്ടിയെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍. വികാര നിർഭരമായ രംഗങ്ങള്‍ക്കാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി  പ്രവർത്തകർ തടിച്ചുകൂടി. ഉമ്മൻചാണ്ടിയെ വിട്ടു തരില്ലെന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ തടിച്ചുകൂടിയത്. ഒടുവിൽ പുതുപ്പള്ളി വിടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പ് ലഭിച്ചതോടെ പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിച്ചു.

അമ്പത് വർഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ ഒത്തുകൂടിയത്. ഉമ്മൻ ചാണ്ടിയുടെ കൈ പിടിച്ചാണ് പ്രവർത്തകർ കരഞ്ഞ് നിലവിളിച്ചത്. പ്രവർത്തകർ കരയുന്നതുകണ്ട ഉമ്മൻ ചാണ്ടിയും വികാരാധീനനായി. വീടിന് ചുറ്റുമായി നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ച് കൂടിയത്.

 

ഒരു വാക്ക് പറ സാറേ…. പുതുപ്പളളി വിട്ട് പോകല്ലേ… എന്നിങ്ങനെ പറഞ്ഞായിരുന്നു പ്രവർത്തകരുടെ പൊട്ടിക്കരച്ചിൽ.
നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി സന്നദ്ധത അറിയിച്ചതായ അഭ്യൂഹങ്ങൾക്ക് പിന്നാലെയായിരുന്നു അണികളുടെ പ്രതിഷേധം. വനിതാ പ്രവർത്തകരടക്കമുളളവരാണ് ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ അണിനിരന്നത്.
നേമത്ത് മത്സരിക്കാൻ ദേശീയ നേതൃത്വമോ, സംസ്ഥാന നേതൃത്വമോ ആവശ്യപ്പെട്ടില്ലെന്ന് ഉമ്മൻചാണ്ടി പ്രവർത്തകരോട് പറഞ്ഞു. പുതുപ്പളളിയിൽ നിലവിൽ തന്‍റെ പേരാണ് പട്ടികയിലുള്ളതെന്നും പുതുപ്പള്ളിയുടെ വികാരം മനസിലാക്കുന്നുവെന്നും, പുതുപ്പള്ളി വിട്ടുപോകുന്ന പ്രശ്‌നമില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

തലമുറകളായി തന്നെ സഹായിച്ചവരാണ് പുതുപ്പളളിക്കാർ. അവരുടെ സ്നേഹപ്രകടനങ്ങൾക്ക് മുന്നിൽ അഭിവാദ്യം. അവരുടെ സ്നേഹത്തിന്‍റെ ആഴവും കരുതലും അറിയാമെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ഉമ്മൻചാണ്ടിയുടെ ഉറപ്പ് ലഭിച്ചതോടെ പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിച്ചു.

Comments (0)
Add Comment