അത്യാഹിത വിഭാഗം കതിര്‍മണ്ഡപം; ഡോക്ടര്‍മാരുടെ അനുഗ്രഹത്തോടെ ആവണിക്ക് ഷാരോണ്‍ താലി ചാര്‍ത്തി

Jaihind News Bureau
Friday, November 21, 2025

 

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വധുവിനെ ആശുപത്രിയിലെത്തി താലി കെട്ടി വരന്‍. ആലപ്പുഴ സ്വദേശി ആവണിയും തുമ്പോളി സ്വദേശി ഷാരോണുമാണ് എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ വെച്ച് വിവാഹിതരായത്. പ്രതിസന്ധിയില്‍ പതറാതെ, നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്താന്‍ വരന്‍ ഷാരോണ്‍ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് തുമ്പോളിയിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി കുമരകത്തേക്ക് പോകുമ്പോഴാണ് വധു ആവണിയും കുടുംബാംഗങ്ങളായ അനന്ദു, ജയനമ എന്നിവരും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആവണിയെ നാട്ടുകാര്‍ ആദ്യം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും, നട്ടെല്ലിനേറ്റ പരിക്കിന്റെ ഗൗരവം പരിഗണിച്ച് വിദഗ്ധ ചികിത്സക്കായി ഉച്ചയ്ക്ക് 12 മണിയോടെ എറണാകുളം വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ഉടന്‍ ആശുപത്രിയിലെത്തി. ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ വിവാഹം മുടങ്ങരുതെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിച്ചു. കുടുംബത്തിന്റെ ആഗ്രഹവും മാനുഷിക പരിഗണനയും മൂല്യവും നല്‍കി, അത്യാഹിത വിഭാഗത്തില്‍ തന്നെ വിവാഹം നടത്താനുള്ള സൗകര്യം ആശുപത്രി അധികൃതര്‍ ഒരുക്കുകയായിരുന്നു. രോഗിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തില്‍, 12.15നും 12.30നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വരന്‍ ഷാരോണ്‍ താലി കെട്ടി. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് ഈ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്.

വിവാഹശേഷം വധുവിനെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്‍ അറിയിച്ചു. ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമാണ് ആവണി. തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. പ്രഫസറുമാണ് വി.എം. ഷാരോണ്‍.