ഇ.വി.എം അട്ടിമറികളെക്കുറിച്ച് തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ആശങ്കാജനകമെന്ന് പി.ഡി.പി അധ്യക്ഷയും ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. വോട്ടിംഗ് മെഷീനുകളിലെ തിരിമറിയും കഴിഞ്ഞദിവസം പുറത്തുവന്ന സംശയകരമായ എക്സിറ്റ് പോള്‍ ഫലങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിശബ്ദതയുമെല്ലാം ചേര്‍ത്തുവായിക്കപ്പെടേണ്ടതാണ്. അണിയറയില്‍ അടുത്ത ബാലാകോട്ട് ഒരുങ്ങുന്നതായി സംശയിക്കുന്നതായും മെഹബൂബ മുഫ്തി ആരോപിച്ചു.
വോട്ടിംഗ് അട്ടിമറി നടന്നു എന്നതിന് നിരവധി ഉദാഹരണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയിട്ടുണ്ട്. എന്നിട്ടും കമ്മീഷന്‍ നിശബ്ദത പാലിക്കുന്നത് ആശങ്കാജനകമാണെന്ന് മുഫ്തി പറഞ്ഞു. ‘ബി.ജെ.പിയുടെ ജയമോ തോല്‍വിയോ കൊണ്ട് ലോകം അവസാനിക്കില്ല. ബി.ജെ.പി ഭരണത്തില്‍ ഭരണഘടനാസ്ഥാപനങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നതും മാധ്യമങ്ങള്‍ക്ക് നിലവാരത്തകര്‍ച്ചയുമുണ്ടാകുമെന്നതുമാണ് സത്യം. എന്നിരിക്കിലും സത്യസന്ധരായ, ആത്മാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകരുടെ ശബ്ദം ഇപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ശരിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തെ ഫലം എന്തായാലും ബാധിക്കില്ലെന്നാണ് പ്രതീക്ഷ’ – മുഫ്തി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സുതാര്യത ആവശ്യപ്പെട്ടുകൊണ്ട് 22 പ്രതിപക്ഷ പാർട്ടി നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇ.വി.എം അട്ടിമറി നടന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. യാതൊരു തരത്തിലുള്ള അട്ടിമറിയും നടന്നിട്ടില്ലെന്നും എല്ലാ മെഷീനുകളും സുരക്ഷിതമാണെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.
ഇ.വി.എം മെഷീനുകള്‍ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്നായിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. മതിയായ സുരക്ഷയില്ലാതെ യു.പിയിലും ബിഹാറിലും ഹരിയാനയിലും സ്ട്രോംഗ് റൂമുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാന്‍ കമ്മീഷന്‍ തയാറാകുന്നില്ലെന്നതാണ് ആശങ്കയുണര്‍ത്തുന്നത്.