രേഖപ്പെടുത്തിയതിനേക്കാള്‍ വോട്ടുകള്‍ ഇ.വി.എമ്മില്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്‌

Jaihind Webdesk
Friday, May 31, 2019

evm

ന്യൂദല്‍ഹി: 373 മണ്ഡലങ്ങളിലെ ഇ.വി.എം വോട്ടിങിലെ ക്രമക്കേടുകളെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. സര്‍ക്കാരുകളെ വിലയിരുത്തന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. അത് കൊണ്ട് ജനങ്ങള്‍ക്ക് സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. പോള്‍ ചെയ്ത വോട്ടുകളിലും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വൈരുദ്ധ്യം എങ്ങനെ വരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണം. കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ആദ്യ നാല് ഘട്ടങ്ങളില്‍ ഉള്‍പ്പെട്ട 373 മണ്ഡലങ്ങളിലെ ആകെ പോള്‍ ചെയ്ത വോട്ടും ഇ.വി.എമ്മുകളില്‍ നിന്നും എണ്ണിയ വോട്ടും തമ്മില്‍ താരതമ്യപ്പെടുത്തി ദി ക്വിന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇ.വി.എമ്മുകളില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്.

തമിഴ്‌നാട്ടിലെ കാഞ്ചീപുരം, ശ്രീപെരുമ്പത്തൂര്‍, ധര്‍മ്മപുരി, യു.പിയിലെ മഥുര എന്നീ നാല് മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യത്യാസം കണ്ടെത്തിയത്. ബീഹാര്‍, യു.പി സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളില്‍ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വലിയ തോതിലുള്ള വ്യത്യാസമുള്ളതായാണ് ദേശീയമാധ്യമമായ ന്യൂസ്‌ക്ലിക്കും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.