ഇ-മൊബിലിറ്റി അഴിമതിയില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

 

ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുന്ന ഇ-മൊബിലിറ്റി പദ്ധതിക്കായി ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ഇതില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ദുര്‍ഗന്ധം വമിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. ഈ കരാറിനെ കുറിച്ച് ഗതാഗതമന്ത്രിയോ കാബിനറ്റോ അറിഞ്ഞിട്ടില്ല. ജസ്റ്റിസ് എ.പി ഷായും പ്രശാന്ത് ഭൂഷണും നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് കരാര്‍ നല്‍കിയത്. എല്ലാവരേയും ഇരുട്ടില്‍ നിറുത്തി ഉപദേശകവൃന്ദത്തിന്റെ വാക്കുകള്‍ കേട്ടാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. സി.പി.എം സംസ്ഥാന സമിതിയും പി.ബിയും ഇതിനെ കുറിച്ച് അറിഞ്ഞില്ല. ആരുടെ അനുമതിയോടെയാണ് കരാര്‍ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ കണ്‍സള്‍ട്ടന്‍സിക്ക് കരാര്‍ നല്‍കിയതില്‍ ഏതെങ്കിലും സി.പി.എം നേതാക്കള്‍ക്കോ അവരുടെ കുടുംബാംഗത്തിനോ ബന്ധമുണ്ടോയെന്നതും അന്വേഷിക്കേണ്ടതാണ്. സര്‍ക്കാര്‍ നടത്തുന്ന എല്ലാ അഴിമതിയേയും വെള്ളപൂശുകയാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പുത്ര വാത്സല്യത്താല്‍ അന്ധരും ബധിരരും മൂകരുമയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Comments (0)
Add Comment