സാമ്പത്തിക പ്രതിസന്ധിക്കിടെ കെഎസ്ആർടിസി മാനേജ്മെന്‍റ് വക ധൂർത്തും; ക്യാമ്പിന്‍റെ പേരില്‍ ചെലവഴിച്ചത് 1 കോടി രൂപ

Jaihind Webdesk
Friday, September 30, 2022

 

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴും കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ ധൂർത്ത്. ഉദ്യോഗസ്ഥർക്ക് പേഴ്സണൽ ട്രെയിനിംഗ് ക്യാമ്പിനായി ചെലവഴിച്ചത് ഒരു കോടി രൂപ. സെപ്റ്റംബർ മാസത്തിലെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടുന്നതിനിടെയാണ് മാനേജ്മെന്‍റിൽ ഉദ്യോഗസ്ഥ ധൂർത്തും അരങ്ങേറുന്നത്.

തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കെഎസ്ആർടിസി നഷ്ടത്തിലാണെന്ന് മാനേജ്മെന്‍റ് ആവർത്തിക്കുമ്പോള്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ ധൂർത്തും നടക്കുന്നത്. മാനേജ്മെന്‍റ് ഉദ്യോഗസ്ഥർക്കായി നടത്തിയ നടത്തുന്ന പേഴ്സണൽ ട്രെയിനിംഗ് ക്യാമ്പിന് ഒരു കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. വ്യക്തിത്വ വികസന ക്യാമ്പെന്ന പേരിൽ മാനേജ്മെന്‍റ് ഓഫീസർമാർക്ക് നൽകുന്ന പാർട്ടിയാണിത്. തമ്പാനൂരിലെ ഒരു സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ ആഴ്ചയിലാണ് പാര്‍ട്ടി നടന്നത്. ഡിപ്പോ എൻജിനയർമാർ, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥർ, അസിസ്റ്റന്‍റ് ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരാണ് ഇതിൽ പങ്കെടുത്തത്.

അതിനിടെ കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ മാനേജ്മെന്‍റ് സർക്കാർ സഹായം തേടി. 50 കോടി രൂപയാണ് ശമ്പളത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബർ 5ന് നൽകുമെന്ന് കെഎസ്ആർ‍ടിസി നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെ ഒക്ടോബർ 1 മുതല്‍ നടപ്പാക്കാന്‍ പോകുന്ന  12 മണിക്കൂർ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ സമരത്തിനൊരുങ്ങുകയാണ് ടിഡിഎഫ് ഉള്‍പ്പെടെയുള്ള യൂണിയനുകള്‍.