സിനിമാ തിയറ്ററുകളും പാര്‍ക്കുകളും അടച്ച് ദുബായ്; യുഎഇയിൽ ഇന്ന് 12 പുതിയ കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു; ദുബായ് ഗ്ലോബല്‍ വില്ലേജും പൂട്ടി

Elvis Chummar
Sunday, March 15, 2020

ദുബായ് : കൊറോണ മൂലമുള്ള പൊതുജനാരോഗ്യം സംരക്ഷിക്കുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായി, ദുബായ് നഗരം സിനിമാ തിയറ്ററുകളും പാര്‍ക്കുകളും ജിമ്മും ഇന്നു മുതല്‍ ( മാര്‍ച്ച് 15 ) അടച്ചിടാന്‍ തീരുമാനിച്ചു. ഇതോടൊപ്പം, ഗള്‍ഫിലെ ഏറ്റവും വലിയ വിനോദ വ്യാപാര കേന്ദ്രമായ ദുബായ് ഗ്ലോബല്‍ വില്ലേജ് അടയ്ക്കാനും തീരുമാനമായി. ഏപ്രില്‍ മാസം നാലു തുടരുമെന്ന് അറിയിച്ച ഗ്‌ളോബല്‍ വില്ലേജാണ് , വിഷയങ്ങളുടെ ഗൗരവം പരിഗണിച്ച് നേരത്തെ അടച്ചത്. അതേസമയം യുഎഇയിൽ ഇന്ന് 12 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 97 ആയി വർദ്ധിച്ചു.


സിനിമാ തിയറ്ററുകള്‍, പാര്‍ക്കുകള്‍, ഫിറ്റ്‌നസ് ജിമ്മുകള്‍

ദുബായില്‍ ലൈസന്‍സുള്ള എല്ലാ സിനിമാ തിയറ്ററുകള്‍, തീം പാര്‍ക്കുകള്‍, അമ്യൂസ്‌മെന്‍റ് പാര്‍ക്കുകള്‍,  ഇലക്ട്രോണിക് ഗെയിം സെന്‍ററുകള്‍, ബോഡി ബില്‍ഡിംഗ് / ഫിറ്റ്‌നസ് ജിമ്മുകള്‍, സ്പ്രിംഗ് ക്യാമ്പുകള്‍ എന്നിവ തല്‍ക്കാലം നിര്‍ത്താന്‍,  ദുബായ് സാമ്പത്തിക വികസന വകുപ്പ് ആണ് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച്, മാര്‍ച്ച് 31 വരെ എല്ലാ പ്രവര്‍ത്തനങ്ങളും സേവനങ്ങളും തടസ്സപ്പെടും. ഉത്തരവുകള്‍ക്ക് അനുസൃതമായി, കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമാ തിയറ്ററുകള്‍ അടച്ചിടുകയാണന്ന് , ദുബായിലെ പ്രമുഖ സിനിമാ ശൃംഖലകള്‍ ജയ്ഹിന്ദ് ന്യൂസിനോട്  പറഞ്ഞു. കൂടാതെ, ഈ മാസം 31 വരെയുള്ള ചെറുതും വലുതുമായ ഇവന്‍റസുകളും യുഎഇ മാറ്റി വെച്ച് വരുകയാണ്.


*അബുദാബിയിലും മാര്‍ച്ച് 31 വരെ അടച്ചിടും *

സന്ദര്‍ശകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി, യുഎഇ തലസ്ഥാനമായ അബുദാബിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, തീം പാര്‍ക്കുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ അബുദാബി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ, തലസ്ഥാനവും തിരക്ക് കുറഞ്ഞു തുടങ്ങി.

teevandi enkile ennodu para