സൈനിക താവളത്തിന് സമീപം വീണ്ടും ഡ്രോണ്‍ സാന്നിധ്യം; വെടിയുതിര്‍ത്ത് സൈന്യം, ആശങ്ക

ജമ്മു : കഴിഞ്ഞ ദിവസം ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ കലൂചക് സൈനികകേന്ദ്രത്തിന് സമീപവും  ഡ്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വ്യോമതാവളത്തിന് നേരെ ഭീകരാക്രമണം നടത്തിയത് ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു .

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രണ്ട് ഡ്രോണുകള്‍ സംശയാസ്പദമായി സൈന്യം കണ്ടെത്തിയത്. ജമ്മുവിലെ കലൂചക് സൈനിക കേന്ദ്രത്തിനു സമീപത്താണ് ഇവ കാണപ്പെട്ടത്. രാത്രി 11.30ന് ആദ്യ ഡ്രോണും പിന്നാലെ 1.30 ഓടെ രണ്ടാമത്തേതും സൈന്യം കണ്ടെത്തി.  ക്വിക്ക് റിയാക്‌ഷന്‍ ടീം ഡ്രോണിനു നേരെ വെടിയുതിര്‍ത്തതോടെ ഇവ പറന്നകലുകയായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. സേനയുടെ ജാഗ്രതമൂലം വന്‍ ഭീഷണിയാണ് ഒഴിവാക്കാനായത്.

ഞായറാഴ്ചയാണ് വ്യോമതാവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആറു മിനിറ്റ് ഇടവിട്ട് ഉണ്ടായ രണ്ട് സ്‌ഫോടനങ്ങളില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കു പരിക്കേല്‍ക്കുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.  ഭീകരര്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതാണെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് സ്ഥിരീകരിച്ചു. സ്ഫോടകവസ്തുക്കളുമായി ഒരു ലഷ്കര്‍ ഭീകരനെ സൈന്യം ഇന്നലെ പിടികൂടിയിരുന്നു. ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ പാക് ഭീകരരാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇന്ത്യയിലേക്കുള്ള ആയുധക്കടത്തിനും ആക്രമണങ്ങൾക്കും പാകിസ്ഥാന് ഡ്രോണുകൾ ലഭ്യമാക്കുന്നത് ചൈനയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Comments (0)
Add Comment