കോഴിക്കോട്: ഒഞ്ചിയത്ത് കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ ജീവിതകഥ പ്രമേയമാക്കി നിര്‍മിച്ച ‘ടി.പി 51’ സിനിമയുടെ സംവിധായകന്‍ മൊയ്തു താഴത്തിന്റെ പാസ്പോര്‍ട്ട് പുതുക്കാന്‍ പൊലിസ് തടസംനില്‍ക്കുന്നുവെന്ന് പരാതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീര്‍പ്പായ കേസ് ചൂണ്ടിക്കാട്ടി പൊലിസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസ് അധികൃതര്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കിയിട്ടില്ല. സിനിമ സംവിധായകന്‍ എന്നതിനുപുറമെ കോണ്‍ഗ്രസ് വേദികളിലും ഇദ്ദേഹം സജീവമാണ്. കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ട് പുതുക്കാന്‍ 2018 ഡിസംബര്‍ 24നാണ് മൊയ്തു താഴത്ത് അപേക്ഷ നല്‍കിയത്. 2010 സെപ്റ്റംബര്‍ രണ്ടിന് താഴെ അങ്ങാടിയിലുണ്ടായ ഒരു തര്‍ക്കത്തിന്റെ പേരില്‍ വടകര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനാല്‍ പാസ്പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്ന് റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസ് മൊയ്തുവിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
അതേസമയം, ഈ കേസില്‍ താന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ 2013 ഒക്ടോബര്‍ 31ന് വടകര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതേവിട്ടിരുന്നുവെന്ന് മൊയ്തു പറയുന്നു. ഇക്കാര്യം മറച്ചുവച്ചാണ് പൊലിസ് മൊയ്തുവിനെതിരായി റിപ്പോര്‍ട്ട് നല്‍കിയത്.പാസ്പോര്‍ട്ട് അന്വേഷണത്തിന്റെ ഭാഗമായി വടകര പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ ഒന്‍പത് ക്രിമിനല്‍ കേസുകളില്‍ മൊയ്തു പ്രതിയാണെന്ന് പൊലിസ് ഉദ്യോഗസ്ഥന്‍ എസ്.ഐയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവത്രേ. താന്‍ ഒരു കേസിലും പ്രതിയല്ലെന്ന് മൊയ്തു അന്വേഷണ ഉദ്യോഗസ്ഥനോട് വ്യക്തമാക്കിയെങ്കിലും ഇത് കേള്‍ക്കാന്‍ അവര്‍ തയാറായില്ലെന്നും പരാതിയുണ്ട്.
റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫിസില്‍ പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു കേസില്‍ മാത്രമാണ് മൊയ്തു പ്രതിയായിരിക്കുന്നത്. പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ടതോടെ മൊയ്തുവിന്റെ നേതൃത്വത്തില്‍ വിദേശത്ത് നടത്താനിരുന്ന കലാപരിപാടികള്‍ മുടങ്ങിയിരിക്കുകയാണ്. താജുദ്ദീന്‍ വടകരയുടെ ‘ഖല്‍ബാണ് ഫാത്തിമ’ 15ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ ഉള്‍പ്പടെ മൂന്ന് വിദേശ രാജ്യങ്ങളില്‍ നടത്താനിരുന്ന പരിപാടികളാണ് ഉപേക്ഷിക്കേണ്ടിവന്നത്. ഇതുവഴി വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമപരമായി നീങ്ങുമെന്ന് മൊയ്തു താഴത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൊലിസ് പരാതി പരിഹാര സെല്‍, മനുഷ്യാവകാശ കമ്മിഷന്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കും. ‘ടി.പി 51’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ താന്‍ വേട്ടയാടപ്പെടുകയാണെന്നും സൈ്വര്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. സിനിമ പുറത്തുവന്നതോടെ നിരന്തര ഭീഷണി സഹിക്കവയ്യാതെ കണ്ണൂര്‍ താണയിലെ വാടക വീട് ഉപേക്ഷിച്ച് വടകരയിലെ തറവാട് വീട്ടിലാണിപ്പോള്‍ താമസം.