ചട്ടംലംഘിച്ച് ഡി.ജി.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ഇടതുമുന്നണിക്ക് വേണ്ടി സര്‍ക്കാര്‍ പദവിയിലുള്ളയാളുടെ വോട്ട് അഭ്യര്‍ത്ഥന

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ പി.വി. അന്‍വറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥന നടത്തിയത് വിവാദമാകുന്നു. പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ശ്രീധരന്‍ പ്രചരിപ്പിച്ചിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുമായി കുശലം പറയുന്ന ചിത്രമാണ് പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥി പി വി അൻവർ ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘വഴികാട്ടിയായി അങ്ങുള്ളപ്പോൾ വിജയം സുനിശ്ചിതമാണ് സഖാവേ. സഖാവ് പാലോളിക്കൊപ്പം’ എന്ന കുറിപ്പോടെയായിരുന്നു അൻവറിൻറെ പോസ്റ്റ്.

ഇതാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്ന സർക്കാർ പദവി വഹിക്കുന്ന അഡ്വ. മഞ്ചേരി ശ്രീധരൻ നായർ തന്‍റെ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതിന് തുല്യമാണ് ഈ ഷെയറെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് പദവിയെക്കൂടാതെ സംസ്ഥാന സർക്കാരിന്റെ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറും ലോകായുക്തയുടെ സ്‌പെഷൽ അറ്റോർണിയുമാണ് ഇദ്ദേഹം .തെരഞ്ഞെടുപ്പ് ചട്ട ലംഘനം ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ശ്രീധരൻനായർക്കെതിരെ ഉയരുന്നത്.

Comments (0)
Add Comment