ഇഷ്ടക്കാർക്ക് ഇഷ്ടംപോലെ ; സുപ്രീം കോടതി ഉത്തരവും മറികടന്ന് സർക്കാർ ധൂര്‍ത്ത്

B.S. Shiju
Monday, February 24, 2020

 

തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ധൂർത്ത് തുടർന്ന് സർക്കാർ. താല്‍ക്കാലിക ജീവനക്കാർക്ക് അതേ തസ്തികയിലെ മിനിമം വേതനമെന്ന സുപ്രീം കോടതി ഉത്തരവാണ് സർക്കാർ കാറ്റിൽ പറത്തുന്നത്. സർക്കാരിന്‍റെ വിവിധ പദ്ധതികളിലെ താൽക്കാലിക ജീവനക്കാർക്ക് മിനിമം വേതനത്തിന്‍റെ ഇരട്ടിയിലധികം തുകയാണ് നിലവില്‍ നൽകുന്നത്.

താല്‍ക്കാലിക ജീവനക്കാർക്ക് അതേ തസ്തികയിലെ മിനിമം വേതനം നൽകണമെന്നും ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉദ്യോഗസ്ഥർ സൃഷ്ടിക്കരുതെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്‌. എന്നാൽ സാക്ഷരതാ മിഷനിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ, അസിസ്റ്റന്‍റ് കോർഡിനേറ്റർ തുടങ്ങിയ തസ്തികകളിൽ പത്ത് മാസമായി സർക്കാർ ശമ്പള ഇനത്തിൽ നൽകിയത് 8 കോടിയിലധികം രൂപ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതി സന്ധി നേരിടുമ്പോഴാണ് ഇഷ്ടക്കാരെ സഹായിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ ഈ നടപടി.

2015 വരെ 14,000, 11,500 ക്രമത്തിൽ വേതനം നൽകിയിരുന്ന ഈ തസ്തികകളിൽ ഒറ്റയടിക്ക്‌ 2016 സെപ്റ്റംബർ മുതൽ 39,500, 32,300 എന്നിങ്ങനെ വർധിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. വിവാദത്തെ തുടർന്ന് വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് അന്വേഷണം നിലച്ചു. ഈ സാങ്കൽപിക തസ്തികകളിൽ 2019 ജൂൺ മുതൽ വീണ്ടും വേതനം വർധിപ്പിച്ച ധന വകുപ്പ്‌ നടപടിയാണ് പുതിയ വിവാദത്തിന് കാരണം. സാക്ഷരതാ മിഷനിൽ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർമാർക്ക് പരമാവധി 20,000 രൂപ വരെ മിനിമം വേതനം അനുവദിക്കാനേ നിയമപരമായി കഴിയൂ. എന്നാൽ ആ സ്ഥാനത്താണ് 42,305 എന്ന ഭീമമായ വേതനം.

സാക്ഷരതാ മിഷന് പുറമെ കുടുംബശ്രീ മിഷൻ സ്റ്റേറ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ, ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ തുടങ്ങി നിരവധി തസ്തിതകളിലും സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് ശമ്പളം വർധിപ്പിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പദ്ധതികളുടെ സാമ്പത്തികവും ഭരണപരവുമായ ചുമതലകൾ വഹിക്കാൻ നിലവിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നുണ്ടെന്നിരിക്കെ ഇത്തരത്തില്‍ സാങ്കല്‍പിക തസ്തികകൾ സൃഷ്ടിച്ച് ഉയർന്ന ശമ്പളം നൽകുന്നതിന് പിന്നില്‍ ചില ഇടതുനേതാക്കളുടെ താല്‍പര്യമാണെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ നിസാര ജോലിയുള്ള തസ്തികകൾക്ക് പോലും ഭീമമായ തുക ശമ്പളമായി നൽകി സർക്കാർ സുപ്രീം കോടതിയെയും സാധാരണക്കാരനെയുമാണ് വെല്ലുവിളിക്കുന്നത്.