
ന്യൂഡല്‍ഹി: നിരോധിത ഭീകരസംഘടനകളുമായി ബന്ധമുള്ള ഒരു അന്തര്‍സംസ്ഥാന ഭീകര ശൃംഖലയെ ജമ്മു കശ്മീര്‍ പോലീസും ഹരിയാന പോലീസും ചേര്‍ന്ന് പിടികൂടി. ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന സംഘത്തില്‍ നിന്ന് 2,900 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ്, ഒരു അസോള്‍ട്ട് റൈഫിള്‍, വലിയ തോതിലുള്ള ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തു. ഹരിയാനയിലെ ഫരീദാബാദിലെ ഒരു മെഡിക്കല്‍ കോളേജുമായി ബന്ധമുള്ള ഡോക്ടര്‍മാരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ അറിയിച്ചു.
ആദ്യം 360 കിലോഗ്രാം അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ 2,500 കിലോഗ്രാം കൂടി കണ്ടെടുത്തു. ഈ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നൂറുകണക്കിന് സ്‌ഫോടനശേഷിയുള്ള ഐ.ഇ.ഡികള്‍ നിര്‍മ്മിച്ച് ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അല്‍ ഫലാഹ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഡോ. മുസമ്മില്‍ ഷക്കീല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഫരീദബാദ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരനാണ്. കൂടാതെ, ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറില്‍ നിന്ന് ഒരു ക്രിങ്കോവ് റൈഫിളും കണ്ടെത്തി. ലഖ്നൗ സ്വദേശിനിയായ ഡോ. ഷഹീന്‍ എന്ന ഈ വനിതാ ഡോക്ടറെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോ. ഷഹീന്‍ ഷാഹിദിന്റെ കാര്‍ ഡോ. മുസമ്മിലാണ് ഉപയോഗിച്ചിരുന്നതെന്നും, ഈ കാറില്‍ നിന്നാണ് റൈഫിളും വെടിയുണ്ടകളും കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ശ്രീനഗറില്‍ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയെ പിന്തുണച്ച് പോസ്റ്ററുകള്‍ ഒട്ടിച്ച കേസില്‍ നേരത്തെ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ നിന്ന് അറസ്റ്റിലായ ഡോ. അദീല്‍ അഹമ്മദ് റാഥറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞായറാഴ്ചത്തെ റെയ്ഡ് നടത്തിയത്. മുസമ്മിലുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഫരീദാബാദിലെ പള്ളിയിലെ ഇമാമായ ഇഷ്തിയാഖിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഈ ശൃംഖലയില്‍ ഉള്‍പ്പെട്ട മറ്റൊരു ഡോക്ടര്‍ക്കായി ഫരീദാബാദിലും പരിസരത്തും തിരച്ചില്‍ തുടരുകയാണ്.
പിടിച്ചെടുത്തവയില്‍ മൂന്ന് മാഗസിനുകളും 83 വെടിയുണ്ടകളുമുള്ള ഒരു റൈഫിള്‍, എട്ട് വെടിയുണ്ടകളുള്ള ഒരു പിസ്റ്റള്‍, രണ്ട് ഒഴിഞ്ഞ വെടിയുണ്ടകള്‍, രണ്ട് അധിക മാഗസിനുകള്‍, സംശയാസ്പദമായ സ്‌ഫോടക രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. 20 ടൈമറുകള്‍, 24 റിമോട്ട് കണ്‍ട്രോളുകള്‍, അഞ്ച് കിലോഗ്രാം ഭാരമുള്ള ലോഹം, വാക്കി-ടോക്കി സെറ്റുകള്‍, ഇലക്ട്രിക് വയറിംഗ്, ബാറ്ററികള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. വനിതാ ഡോക്ടറുടെ മാരുതി സ്വിഫ്റ്റ് കാറും പിടിച്ചെടുത്തിട്ടുണ്ട്.
ഫരീദാബാദിലെ ധോജ് മേഖലയില്‍ ഡോ. ഷക്കീല്‍ വാടകയ്ക്കെടുത്ത മുറിയിലാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത്. ഏകദേശം 15 ദിവസം മുമ്പ് എത്തിച്ച ഈ രാസവസ്തു എട്ട് വലിയതും നാല് ചെറുതുമായ സ്യൂട്ട്‌കേസുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഡോ. റാഥറിന്റെ കശ്മീര്‍ താഴ്വരയിലെ ലോക്കറില്‍ നിന്ന് നേരത്തെ ഒരു എകെ-47 റൈഫിളും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിരുന്നു.
ശ്രീനഗറില്‍ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയെ പിന്തുണച്ച് പോസ്റ്ററുകള്‍ ഒട്ടിച്ച കേസിലും ഷക്കീല്‍ പ്രതിയാണെന്ന് ഫരീദാബാദ് കമ്മീഷണര്‍ സത്യേന്ദര്‍ കുമാര്‍ ഗുപ്ത പറഞ്ഞു.