Delhi Blast| ചെങ്കോട്ട സ്ഫോടനം: ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍; എന്‍.ഐ.എ. അന്വേഷണം ഊര്‍ജ്ജിതം

Jaihind News Bureau
Wednesday, November 12, 2025

 

ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം തിങ്കളാഴ്ചയുണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം, ദേശവിരുദ്ധ ശക്തികള്‍ നടത്തിയ ഈ ഹീനമായ പ്രവൃത്തിയെ ശക്തമായി അപലപിച്ചു. ഭീകരവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്നും, ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെയും അവയുടെ സ്പോണ്‍സര്‍മാരെയും കണ്ടെത്തി ശിക്ഷിക്കുമെന്നും മന്ത്രിസഭായോഗം വ്യക്തമാക്കി. സ്ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പതിമൂന്ന് പേരുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മന്ത്രിസഭ, ആദരസൂചകമായി രണ്ട് മിനിറ്റ് നേരം മൗനം ആചരിച്ചു.

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹ്യൂണ്ടായ് ഐ20 കാറിലായിരുന്നു സ്ഫോടനം. ആക്രമണത്തില്‍ പതിമൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അന്വേഷണം പുരോഗമിക്കുകയാണ്. എത്രയും വേഗം സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്‍.ഐ.എക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.