ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാരത്തിന്‍റെ ഇരയായി എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള കർണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. ഡല്‍ഹി കോടതിയുടേതാണ് ഉത്തരവ്.
കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. അതേസമയം ശിവകുമാറിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ഉറപ്പുവരുത്തി മാത്രമേ ചോദ്യം ചെയ്യല്‍ തുടരാവൂ എന്ന് കോടതി ഇ.ഡിക്ക് നിർദേശം നല്‍കി. ഡി.കെ ശിവകുമാറിന്‍റെ മകൾ ഐശ്വര്യയെ വ്യാഴാഴ്ച ഏഴ് മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.
സെപ്റ്റംബര്‍ മൂന്നിനാണ് അനധികൃത പണമിടപാട് ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു രാത്രിയോടെ അറസ്റ്റ് ചെയ്തത്. ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിന്‍റെ ഇരയാണ് താനെന്ന് ഡി.കെ പ്രതികരിച്ചിരുന്നു. എതിർശബ്ദമുയര്‍ത്തുന്നവരെ കള്ളക്കേസില്‍ കുടുക്കുന്ന ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.