ഇടുക്കിയിൽ ചരിത്ര വിജയം നേടി യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ജോയ്സ് ജോർജിനെ 1,71,053 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഡീൻ പരാജയപ്പെടുത്തിയത്. കസ്തൂരി രംഗൻ വിഷയത്തിൽ തെറ്റിദ്ധാരണ പരത്തി കഴിഞ്ഞ തവണ തട്ടിയെടുത്ത മണ്ഡലം തിരിച്ചുപിടിച്ച ഡീൻ കുര്യാക്കോസിന്‍റേത് മധുര പ്രതികാരം കൂടിയാണ്.
വോട്ടെണ്ണലിന്‍റെആദ്യ റൗണ്ട് മുതൽ ഇടുക്കിയിൽ വ്യക്തമായ മുന്നേറ്റത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് എതിർ സ്ഥാനാർത്ഥി ജോയ്സ് ജോർജിനെ പരാജയപ്പെടുത്തിയത്. ജോയ്സ് സ്വന്തമാക്കിയ 3,27,440 വോട്ടിനെതിരെ 4,98,493 വോട്ട് നേടി 1,71,0 53 വോട്ട് ഭൂരിപക്ഷവുമായാണ് മണ്ഡലത്തിൽ ഡീൻ ചരിത്ര വിജയം സ്വന്തമാക്കിയത്. പ്രളയത്തിലും പ്രകൃതിദുരന്തത്തിലും ഏറെ ത്യാഗം സഹിച്ച മലയോര കർഷകജനതയുടെ പ്രതിഷേധത്തിന്‍റെ പ്രതിഫലനമാണ് ഈ വിജയമെന്നും എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് ഡീൻ കുര്യാക്കോസ് പറഞ്ഞു.
ആദ്യ റൗണ്ടിൽ 5940 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയ ഡീൻ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും അവസാനം വരെ ലീഡ് നിലനിർത്തി. പി.ജെ ജോസഫിന്‍റെ മണ്ഡലമായ തൊടുപുഴയിൽ 37,0 21 വോട്ടിന്‍റെ ഭൂരിപക്ഷവും സ്വന്തം മണ്ഡലമായ മൂവാറ്റുപുഴയിൽ 32,539 വോട്ടിന്‍റെ ലീഡുമാണ് ഡീൻ നേടിയത്. സ്വന്തം ബൂത്തിൽ 450 വോട്ടിന്‍റെയും. എതിർ സ്ഥാനാർത്ഥി ജോയ്സ് ജോര്‍ജിന്‍റെ വാഴത്തോപ്പിലെ മുളകുവള്ളി ബൂത്തിൽ 44 വോട്ടിന്‍റെ ഭൂരിപക്ഷവും സ്വന്തമാക്കിയാണ് ഡീൻ കുര്യാക്കോസ് കോൺഗ്രസിന്‍റെ ഇടുക്കി സീറ്റ് തിരികെ പിടിച്ചത്. എന്‍.ഡി.എയുടെ ബിജു കൃഷ്ണൻ 78,451 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി.