ശബരിമല നട അടച്ച് ശുദ്ധിക്രിയ : തന്ത്രിയോട് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം തേടിയേക്കും

Friday, January 4, 2019

ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്ത വിഷയത്തിൽ തന്ത്രിയോട് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം തേടിയേക്കും. തന്ത്രിയോട് വിശദീകരണം തേടുന്നതിൽ ബോർഡിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുള്ള റിപ്പോർട്ടാകും ദേവസ്വം കമ്മീഷണർ ബോർഡിന് സമർപ്പിക്കുക.

നട അടച്ച തന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത് നേതാക്കളും നടത്തിയത്. എന്നാൽ ദേവസ്വം ബോർഡ് തീരുമാനമെടുക്കട്ടെയെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിക്കാണ് ദേവസ്വം മാന്വൽ പ്രകാരം അധികാരം. കഴിഞ്ഞ ദിവസം യുവതി ദർശനത്തിന് പിന്നാലെ നട അടച്ചുള്ള പരിഹാരക്രിയ നടത്തുകയാണെന്ന് തന്ത്രി ദേവസ്വം ബോർഡ് പ്രസിഡണ്ടിന് ഫോണിലൂടെ അറിയിച്ചിരുന്നു. തന്ത്രിയോട് വിശദീകരണം തേടണമെന്നാണ് ദേവസ്വം കമ്മീഷണർ എൻ വാസുവിൻറെയും ബോർഡ് അംഗങ്ങളായ കെ പി ശങ്കർദാസിനറെയും പാറവിള വിജയകുമാറിന്റെയും നിലപാട്. പക്ഷെ വിശദമായ ചർച്ചക്ക് ശേഷം മതി എന്ന നിലപാടിലാണ് പ്രസിഡണ്ട് എ പത്മകുമാർ.