സി.ബി.ഐയില്‍ അഴിച്ചുപണി; 5 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി അലോക് വര്‍മ

Thursday, January 10, 2019

Alok-Kumar-Verma CBI

സി.ബി.ഐയില്‍ അഴിച്ചുപണിയുമായി ഡയറക്ടർ അലോക് വർമ. അഞ്ച് ഉദ്യോഗസഥരെ സ്ഥലം മാറ്റി. രാകേഷ് അസ്താനക്കെതിരായ അന്വേഷണത്തിന്‍റെ ചുമതല പുതിയ ഉദ്യോഗസ്ഥരെ ഏല്‍പിച്ചു. നേരത്തെ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ ഉടന്‍ തന്‍റെ വിശ്വസ്തരുടെ സ്ഥലംമാറ്റം റദ്ദാക്കുകയാണ് അലോക് വര്‍മ ആദ്യം ചെയ്തത്.

അതേസമയം നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാരസമിതി യോഗം ചേരുകയാണ്. അലോക് വര്‍മയുടെ ഭാവി തീരുമാനിക്കുന്ന സുപ്രധാന യോഗമാണിത്. ഇതിനിടെയാണ് അലോക് വര്‍മയുടെ പുതിയ നീക്കം.

പ്രധാനമന്ത്രിക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സുപ്രീം കോടതി നിർദേശപ്രകാരമാണ് യോഗം.