ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ രണ്ട് മരണം. 200 കിലോ മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ കുടിലുകള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. ആന്ധ്രാപ്രദേശിന്‍റെ തീരങ്ങളിലും ഫോനി നാശം വിതച്ചു. ബംഗാളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബംഗാള്‍ തീരം ലക്ഷ്യമാക്കിയാണ് ഫോനി നീങ്ങുന്നത്.
രാവിലെ 8.30 ഓടെയാണ് ഫോനി ഒഡീഷയുടെ തീരം തൊട്ടത്. ശക്തമായ കാറ്റിലും മഴയിലും ഒഡീഷയിലെ തീരദേശ തീര്‍ത്ഥാടന കേന്ദ്രമായ പുരിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി മരങ്ങള്‍ കടപുഴകുകയും വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തു. വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ മരിച്ചതായി ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാള്‍ മരംവീണും മറ്റൊരാള്‍ ഹൃദയാഘാതത്തിലുമാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും അർധരാത്രി മുതൽ റദ്ദാക്കിയിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ വെള്ളിയാഴ്ച രാത്രി 9.30 മുതൽ ശനിയാഴ്ച വൈകിട്ട് ആറു വരെ റദ്ദാക്കി. കൊൽക്കത്തയിൽ നിന്നുള്ള 200 വിമാനസർവീസുകളാണ് റദ്ദാക്കിയത്. 220 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.
ഫോനി: ഒഡീഷയിലെ പുരിയില്‍ നിന്നുള്ള ദൃശ്യം
1999ല്‍ 10,000 പേരുടെ ജീവനെടുത്ത ചുഴലിക്കാറ്റിന് ശേഷം സംസ്ഥാനം നേരിടുന്ന വലിയ ചുഴലിക്കാറ്റാണിത്. വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ഫോനി ഉച്ചകഴിയുന്നതോടെ ഒഡീഷന്‍ തീരത്തുനിന്ന് അകലുമെന്നാണ് കരുതുന്നത്. നാളെ പുലര്‍ച്ചെയോടെ ബംഗാള്‍ തീരത്ത് ഫോനി ആഞ്ഞടിക്കും.
ഫോനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒഡീഷ ഗവണ്‍മെന്‍റ് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. പത്ത് ലക്ഷത്തിലേറെ ആള്‍ക്കാരെ തീരപ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ കര, വ്യോമ, നാവിക സേനകളും, തീരദേശ സേന, ദുരന്ത നിവാരണ ഏജന്‍സികളും ജാഗ്രതയോടെ നിലകൊള്ളുന്നുണ്ട്.
അടിയന്തര സഹായം ലഭ്യമാക്കാനായി ആഭ്യന്തരമന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
PLEASE RETWEET –#Odisha’s emergency helpline number for Cyclone Fani +916742534177, Control room number of different districts have been issued #CycloneFani pic.twitter.com/8h4VOMXMwF
— Doordarshan National दूरदर्शन नेशनल (@DDNational) May 3, 2019
ആന്ധ്രാപ്രദേശില്‍ ഫോനി ചുഴലിക്കാറ്റിലും മഴയിലും വെള്ളം കയറിയ പ്രദേശം