ഫോനി അകലുന്നു, കേരള തീരത്ത് ആശ്വാസം; യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു; ഒഡീഷയില്‍ കര്‍ശന ജാഗ്രതാ നിർദേശം

Jaihind Webdesk
Tuesday, April 30, 2019

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് കേരളതീരത്ത് നിന്ന് അകന്നതിനാല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 7 ജില്ലകളില്‍ പുറപ്പെടുവിച്ചിരുന്ന യെല്ലോ അലർട്ടും പിന്‍വലിച്ചു. എങ്കിലും തീരദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്. അതേസമയം, തമിഴ്നാട്, ആന്ധ്ര, ഒഡീഷ വരെയുള്ള കിഴക്കന്‍തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഒഡീഷ ലക്ഷ്യമാക്കി നീങ്ങുന്ന ഫോനി അതിതീവ്ര ചുഴലിക്കാറ്റായി മാറി തീരം തൊടുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

കേരളതീരത്തിന് ആശ്വസിക്കാമെങ്കിലും തമിഴ്നാട്, ആന്ധ്ര, ഒഡീഷ തീരങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്. കേരളത്തില്‍ നിന്ന് വളരെ അകലെയായതിനാല്‍ നിലവിലെ ജാഗ്രതാനിര്‍ദേശങ്ങളും യെല്ലോ അലര്‍ട്ടും സംസ്ഥാനത്ത് പിന്‍വലിച്ചിട്ടുണ്ട്. മണിക്കൂറില്‍ 180 മുതല്‍ 200 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്ര, ഒഡീഷ തുടങ്ങിയ കിഴക്കന്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്ത തീരത്ത് എത്തണമെന്നും നിര്‍ദേശമുണ്ട്.

നിലവില്‍ ഒഡീഷയില്‍ നിന്ന് 650 കിലോമീറ്ററോളം അകലെയായി ബംഗാള്‍ ഉള്‍ക്കടലിലാണ് നിലവില്‍ ഫോനി ചുഴലിക്കാറ്റിന്‍റെ സ്ഥാനം. നാളെയോടെ ആന്ധ്ര തീരത്തിന് കൂടുതല്‍ അടുത്തെത്തുന്ന ഫോനി വെള്ളിയാഴ്ചയോടെ ഒഡീഷ തീരം കടന്നേക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഫോനി അതിതീവ്രമായി ഒഡീഷയോട് അടുത്തെത്തിയാല്‍ തീരങ്ങളില്‍ കനത്ത നാശനഷ്ടമാകും ഫലം. ഇതിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശന ജാഗ്രതാനിര്‍ദേശമാണ് ഒഡീഷയില്‍ നല്‍കിയിരിക്കുന്നത്. തീരപ്രദേശത്ത് നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ ദുരന്തനിവാരണ സേനയും സജ്ജമായിട്ടുണ്ട്.