കെ.ടി.ജലീൽ കൂടുതൽ കുരുക്കിലേക്ക്; ചട്ടം ലംഘിച്ച് മതഗ്രന്ഥം വിതരണം ചെയ്തതിന് മന്ത്രിക്കെതിരെ കേസെടുത്ത് കസ്റ്റംസ് | VIDEO

 

കൊച്ചി: മന്ത്രി കെ.ടി.ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു. ചട്ടംലംഘിച്ച്‌ മതഗ്രന്ഥങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. അതേസമയം, കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിശദാംശങ്ങൾ പുറത്തായി. ഒരു ചോദ്യത്തിന് ജലീലിന് കൃത്യമായ വിശദീകരണം നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് നിഗമനം.

https://www.facebook.com/JaihindNewsChannel/videos/360688648629534/

നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മന്ത്രി കസ്റ്റംസ് ചോദ്യം ചെയ്യും. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ മന്ത്രിയുടെ മണ്ഡലത്തില്‍ അടക്കം സംസ്ഥാനത്തെ പലസ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ഇത് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ കസ്റ്റംസ് നിയോഗിച്ചു. വൈകാതെ തന്നെ മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് വിവരം.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണം സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്‍റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണംചെയ്യുകയും ചെയ്തത്. മൂന്നരവര്‍ഷത്തിനിടെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച്‌ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്ന വസ്തുക്കൾ വിതരണം ചെയ്യണമെങ്കില്‍ രാജ്യത്തിന്‍റെ അനുമതി വേണം. യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം. മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ഇ.ഡിക്കും എൻ.ഐ.എക്കും മന്ത്രി നൽകിയ മൊഴികളും കസ്റ്റംസ് പരിശോധിക്കും.

അതേസമയം, കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും തെരുവുകളിൽ പ്രതിഷേധം ഇരമ്പും. സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരും. യൂത്ത് കോൺഗ്രസും യൂത്ത് ലീഗും യുവമോർച്ചയും പ്രതിപക്ഷ വനിതാ സംഘടനകളും ഇന്ന് പ്രതിഷേധ മാർച്ചിന് ആഹ്വാനം നൽകിയിട്ടുണ്ട്.

Comments (0)
Add Comment