തോട്ടം തൊഴിലാളികളുടെ അതൃപ്തിയില്‍ ഇടതുമുന്നണിക്ക് ആശങ്ക ; ഇടുക്കിയില്‍ കീറാമുട്ടിയായി സീറ്റ് വിഭജന ചർച്ചകളും ; പ്രതിസന്ധി

 

ഇടുക്കിയിൽ സീറ്റ് വിഭജനത്തെ ചൊല്ലി ഇടതു മുന്നണിയിൽ അഭിപ്രായ വ്യതാസം രൂക്ഷമായി. മുന്നണിയിലെ ഘടകക്ഷികൾക്കിടയിലെ അഭിപ്രായ വ്യത്യാസവും എൽ.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മിലെ ചേരിപ്പോരും സി.പി.ഐയിലെ ഗ്രൂപ്പ് പോരും ഇടതുമുന്നണിയെ അലട്ടുന്നു. ബി ഡി.ജെ.എസിലെ കൊഴിഞ്ഞുപോക്ക് എൻ.ഡി.എയെയും ദുർബലമാക്കി.

മലയോര ജില്ലയായ ഇടുക്കിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സീറ്റ് വിഭജനം ഇടത് മുന്നണിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ എൽ.ഡി.എഫിൽ ചേരിപ്പോരും രൂക്ഷമായി. കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടത് ഭരണത്തിൽ കർഷകരോടും തോട്ടം തൊഴിലാളികളോടും കാട്ടിയ വിശ്വാസ വഞ്ചനയെ ജില്ലയിൽ ഇടതുമുന്നണി സാധ്യതകളെ ബാധിച്ചിട്ടുണ്ട്. ജോസ് കെ മാണി വിഭാഗം ഇടത് പാളയത്തിൽ എത്തിയതോടെ ഇടുക്കി മണ്ഡലം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് സി.പി.എമ്മിന് വിട്ടുനൽകേണ്ടി വരും. യു.ഡി.എഫിൽ ആയിരിക്കുമ്പോൾ മാണി ഗ്രൂപ്പിന്‍റെ സിറ്റിംഗ് എം.എൽ.എ ആയ റോഷി അഗസ്റ്റിനാണ് കഴിഞ്ഞ് പതിനഞ്ച് വർഷത്തിലധികമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. റോഷിയെ പിന്തുണയ്ക്കുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് എൽ.ഡി.എഫ്. ഇക്കാര്യത്തിൽ പ്രവർത്തകർക്കും കടുത്ത അതൃപ്തിയുണ്ട്.

ഉടുമ്പൻചോല മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്ന തയാറെടുപ്പിലാണ് വൈദ്യുതി മന്ത്രി എം.എം മണി. യുവാക്കളെ സ്ഥാനാർത്ഥികളായി പരിഗണിക്കാതെ വീണ്ടും മുതിർന്ന നേതാവിനെ തന്നെ പാർട്ടി പരിഗണിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ യുവജനങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി പീരുമേട്ടിലെ സിറ്റിംഗ് എം.എൽ.എ ആയ സി.പി.ഐയിലെ ഇ.എസ് ബിജിമോൾക്കെതിരായ അഴിമതി ആരോപണവും സി.പി.ഐ-സി.പി.എം ബന്ധം വഷളായതും മുന്നണിയെ വലയ്ക്കുന്നുണ്ട്. ബിജി മോൾ നേതാക്കളെ അനുസരിക്കില്ലെന്നും ഇത്തവണ മത്സരിച്ചാൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമന്നും മുന്നണിക്ക് ബോധ്യമുണ്ട്. പകരം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനും എ.ഐ.ടി.യു.സി നേതാവുമായ വാഴൂർ സോമനുമാണ് സ്ഥാനാർത്ഥിത്വത്തിനായുള്ള ചരടുവലികള്‍ നടത്തുന്നത്. പീരുമേട്ടിലെ ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾ സർക്കാരിനെതിരെ രംഗത്തെത്തിയതും ഇടതുപക്ഷത്തിന് തിരിച്ചടിയാകും.

തൊടുപുഴ മണ്ഡലം വേണമെന്ന ആവശ്യത്തിൽ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഉറച്ചുനിൽക്കുകയാണ്. പക്ഷേ ഈ ആവശ്യത്തിന് വഴങ്ങേണ്ട എന്ന് നിലപാടാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിനുള്ളത്. ദേവികുളം നിയോജക മണ്ഡലത്തിലെ മൂന്നാർ അടക്കമുള്ള തോട്ടം മേഖലയില്‍ ഇത്തവണ സിറ്റിംഗ് എം.എൽ.എ എസ് രാജേന്ദ്രനെതിരെ കടുത്ത എതിർപ്പ് സി.പി.എമ്മിന് ഉള്ളിൽ തന്നെയുണ്ട്. തോട്ടം തൊഴിലാളികളുടെ നിലപാടും സി.പി.എമ്മിന് എതിരാണ്. കഴിഞ്ഞ തവണത്തെ നേട്ടം പോലും ഉണ്ടാക്കാൻ കഴിയുമെന്ന് എൻ.ഡി.എയ്ക്കും വിശ്വാസമില്ല. ചുരുക്കത്തിൽ ഇടുക്കി ജില്ലയിൽ എൽ.ഡിഫിനും എൻ.ഡി.എയ്ക്കും മുന്നണിക്കുള്ളിലെ പടലപ്പിണകങ്ങൾ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

Comments (0)
Add Comment