പോലീസിലെ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തണം; മുഖ്യമന്ത്രിയുടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥ; വിഡി സതീശന്‍

തിരുവനന്തപുരം: പോലീസിലെ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തണം, മുഖ്യമന്ത്രി പറയുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്ത് കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് സേനയിലെ രാഷ്ട്രീയവത്കരണം, ക്രിമിനൽ കേസിൽ പൊലീസ് പ്രതിയാകുന്നത് അടക്കമുള്ള വിഷയങ്ങളിൽ സഭയിൽ കോൺഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ചർച്ചയാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. പോലീസ് അതിക്രമങ്ങൾക്ക് സർക്കാർ കുടപിടിക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

രാഷ്ട്രീയ, വര്‍ഗീയ കൊലപാതങ്ങളും ഗുണ്ടാ ആക്രമണങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. പതിനാലായിരത്തിലധികം ഗുണ്ടകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്നുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഏത് സമയത്തും ആരുടെയും ജീവന്‍ നഷ്ടപ്പെട്ടു പോകാമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സ്‌കോട്ട്‌ലന്റ് യാഡിനെ വെല്ലുന്ന പൊലീസാണ് കേരളത്തിലേതെന്ന് ഒരു കാലത്ത് നാം അഭിമാനിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയവത്ക്കരണവും ക്രിമിനല്‍വത്ക്കരണവുമാണ് പൊലീസിനെ തകര്‍ത്തത്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എത്ര പൊലീസുകാരെ ക്രമസമാധനച്ചുമതലയ്ക്ക് നിയോഗിച്ചിട്ടുണ്ടെന്നതുള്‍പ്പെടെയുള്ള നിയമസഭാ ചോദ്യത്തിന് വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടിരിക്കുകയാണെന്ന പൊതുമറുപടിയാണ് ആഭ്യന്തര വകുപ്പ് നല്‍കിയത്. പൊലീസിലെ ക്രിമിനലുകളെ സംബന്ധിച്ച ഒരു വിവരവും സര്‍ക്കാരിന്റെ പക്കലില്ല. എന്ത് സംഭവം ചൂണ്ടിക്കാട്ടിയാലും മുഖ്യമന്ത്രിക്ക് അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങളെല്ലാം എണ്ണിത്തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്ത് കൗണ്ടിംഗ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

മുപ്പതിലധികം കേസുകളില്‍ ഉള്‍പ്പെട്ട് സര്‍വീസില്‍ നിന്നും പുറത്താക്കാന്‍ കോടതി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥനെ ഇപ്പോള്‍ സര്‍വീസില്‍ തിരിച്ചെടുത്തത് ആര് പറഞ്ഞിട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇത്തരം ക്രിമിനലുകളെ ആരാണ് സംരക്ഷിക്കുന്നത്? പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കളാണ്. എസ്.പിമാരെ സി.പി.എം ജില്ലാ സെക്രട്ടറിമാരും എസ്.എച്ച്.ഒമാരെ ഏരിയാ സെക്രട്ടറിമാരുമാണ് നിയന്ത്രിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടനെ ചവിട്ടിക്കൂട്ടിയ ഡി.വൈ.എഫ്.ഐക്കാരനെതിരെ കമ്മീഷണര്‍ നടപടിയെടുത്തപ്പോള്‍ ജില്ലാ സെക്രട്ടറി രംഗപ്രവേശം ചെയ്തു. ഇതല്ല ഇടതു മുന്നണിയുടെ പൊലീസ് നയമെന്നാണ് ജില്ലാ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പൊലീസിനെ നിയന്ത്രിക്കാന്‍ ജില്ലാ സെക്രട്ടറിക്ക് ആരാണ് അധികാരം നല്‍കിയത്? എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പാര്‍ട്ടി നേതാക്കളെ സുഖിപ്പിച്ചാല്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ഗുണ്ടാ സംഘങ്ങള്‍ക്ക് പാര്‍ട്ടി പ്രാദേശിക നേതൃത്വം സംരക്ഷണം ഒരുക്കുന്നതിനാല്‍ പൊലീസുകാര്‍ക്ക് അവരെ അറസ്റ്റ് ചെയ്യാനാകാത്ത സാഹചര്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാക്കളുടെ വാക്കൗട്ട് പ്രസംഗം പണ്ടു മുതല്‍ക്കെയുള്ളതാണ്. പക്ഷെ ഒരു സംഘം കൊട്ടേഷന്‍ കിട്ടിയത് പോലെ നിരന്തരമായി പ്രസംഗം തടസപ്പെടുത്തുന്നത് സ്പീക്കര്‍ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമ സഭയില്‍ പറഞ്ഞു.

Comments (0)
Add Comment