ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Tuesday, January 29, 2019

പ്രശസ്ത സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പിതാവിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് പോലീസ് മേധാവിയുടെ ഉത്തരവ്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നായിരുന്നു പിതാവിന്റെ ആവശ്യം. അന്വേഷണസംഘത്തെ തീരുമാനിച്ചിട്ടില്ല.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്.
ബാലഭാസ്‌കറിന്റെയും മകള്‍ തേജസ്വിനി ബാലയുടെയും ജീവനെടുത്ത അപകടത്തെപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്നാണു പരാതിയിലെ ആവശ്യം. അപകടത്തെപ്പറ്റി കുടുംബത്തിനുള്ള സംശയങ്ങളാണു പരാതിയിലുള്ളത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. മകള്‍ അപകട ദിവസം മരിച്ചിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു താമസിക്കാന്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇത് ഉപേക്ഷിച്ചു തിടുക്കത്തില്‍ രാത്രി യാത്രയ്ക്കു തയാറെടുത്തതിന്റെ കാരണം അന്വേഷിക്കണം.

വാഹനം ഓടിച്ചിരുന്നതു ഡ്രൈവര്‍ അര്‍ജുനാണെന്നു വ്യക്തമായിരുന്നിട്ടും എന്തിനു പൊലീസിനോടു കള്ളം പറഞ്ഞു എന്നതാണു മറ്റൊരു സംശയം. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴികള്‍ പരസ്പരവിരുദ്ധമാണ്. പാലക്കാടുള്ള ആയുര്‍വേദ ആശുപത്രി അധികൃതരാണു അര്‍ജുനെ ഡ്രൈവറായി ബാലഭാസ്‌കറിന്റെ ഒപ്പം അയച്ചത്. ഇതിനെപ്പറ്റിയും സംശയങ്ങളുണ്ട്. ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബാലഭാസ്‌കര്‍ വീണ്ടും കുടുംബത്തോട് അടുത്തതിനു പിന്നാലെയാണ് അപകടമെന്നതും അന്വേഷണം ആവശ്യപ്പെടാന്‍ പ്രേരിപ്പിച്ചു. മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി സെപ്റ്റംബര്‍ 23നു തൃശൂര്‍ക്കു പോയ കുടുംബം 24നു രാത്രിയോടെ വീട്ടിലേക്കു മടങ്ങുന്ന വഴിയായിരുന്നു അപകടം.
അതേ സമയം ഡ്രൈവര്‍ അര്‍ജുന്‍ ഒറ്റപ്പാലം , ചെറുതുരുത്തി എന്നിവിടങ്ങളിലെ രണ്ടു കേസുകളില്‍ പ്രതിയാണെന്നാണു കണ്ടെത്തല്‍. എടിഎം മോഷണം നടത്തിയ രണ്ടു സംഘങ്ങള്‍ക്ക് ഒപ്പം ഡ്രൈവറായി പോയെന്നതാണ് കേസ്.