തലസ്ഥാനനഗരം ക്രിമിനലുകള്‍ കീഴടക്കുന്നു ; നിഷ്ക്രിയമായി പോലീസ്

Jaihind Webdesk
Friday, March 15, 2019

Crime

തിരുവനന്തപുരം : തലസ്ഥാന നഗരത്തില്‍ ക്രിമിനലുകളുടെ വിളയാട്ടം. ലഹരി – ഗുണ്ടാ മാഫിയകൾ നഗരം കൈയടക്കുമ്പോൾ ഇവരെ നേരിടാൻ കഴിയാത്ത അവസ്ഥയിലാണ് സിറ്റി പോലീസ്. സംസ്ഥാനത്ത് ഏറ്റവുമധികം പോലീസ് സംവിധാനമുള്ള തിരുവനന്തപുരം നഗരത്തിലാണ് കൊലപാതക പരമ്പരകൾ അരങ്ങേറുന്നത്.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയിൽ 3 കൊലപാതകങ്ങളാണ് ലഹരിയുടെ പേരിൽ തലസ്ഥാന നഗരിയിൽ നടന്നത്. ശ്രീവരാഹം സ്വദേശി ശ്യാം കൊല്ലപ്പെട്ടത് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ. ദിവസങ്ങൾക്ക് മുമ്പ് കരമനയിൽ കൊലചെയ്യപ്പെട്ട അനന്തു എന്ന 21 കാരന്‍റെ കൊലപാതകത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളായിരുന്നു. ചിറയിന്‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്കു മരുന്ന് ലഹരിയിലായിരുന്നു. പ്രതികളെല്ലാം 19നും 25നും ഇടയിൽ പ്രായം വരുന്നവർ. എല്ലാവരും മയക്കുമരുന്നിന് അടിമകൾ. സംസ്ഥാനത്ത് പിടിമുറക്കുന്ന ലഹരി മാഫിയയുടെ ചിത്രം ഇതിൽ നിന്നും വ്യക്തമാണ്. ഇത്രയും സംഭവങ്ങള്‍ പോലീസിന്‍റെ മൂക്കിന്‍ തുമ്പത്ത് നടന്നിട്ടും ലഹരി മാഫിയക്കെതിരെ പോലീസിന്‍റെ നിഷ്ക്രിയത്വം തുടരുകയാണ്.

സംസ്ഥാനത്ത് നിഷ്ഠൂരമായ കൊലപാതകങ്ങളും ലഹരി മാഫിയയുടെയും ഗുണ്ടാസംഘങ്ങളുടെയും അഴിഞ്ഞാട്ടവും  നിത്യസംഭവമായിട്ടും പിണറായി സർക്കാരിന് കീഴിലുള്ള ആഭ്യന്തര വകുപ്പ് ഇനിയും ഉണർന്ന് പ്രവർത്തിക്കാൻ തയാറായിട്ടില്ല. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വൻ ലഹരി മാഫിയയാണ് പ്രവർത്തിക്കുന്നത്. പേരിന് നടത്തുന്ന പരിശോധനകളല്ലാതെ എക്സൈസിനോ പോലീസിനോ ലഹരി റാക്കിറ്റിനെ തൊടാനാവുന്നില്ല.സാമൂഹ്യ വിരുദ്ധരെയും ലഹരി സംഘങ്ങളെയും പിടികൂടാനുള്ള ഓപ്പറേഷൻ കോബ്ര ഉൾപ്പെടെയുള്ള നടപടികൾ ഫലം കാണുന്നില്ലെന്നതും വ്യക്തമാണ്.