അവയവ കച്ചവടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് ക്രൈംബ്രാഞ്ചിന്‍റെ എഫ്.ഐ.ആര്‍

അവയവ കച്ചവടത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് ക്രൈംബ്രാഞ്ചിന്‍റെ എഫ്.ഐ.ആര്‍. സര്‍ക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതിക്കെതിരേ പ്രവര്‍ത്തിച്ചതും അവയവദാന മാഫിയ. മുഖ്യമായും നടക്കുന്നത് വൃക്കക്കച്ചവടമാണെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശം.

സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിനൊപ്പം നിരക്ഷരരും നിര്‍ധനരുമായ ദാതാക്കളെ ക്രൂര ചൂഷണത്തിന് വിധേയമാക്കിയുമാണ് സംസ്ഥാനത്ത് പ്രവര്‍ത്തനമെന്ന് അവയവ മാഫിയയുടെ ക്രൈബ്രാഞ്ച് എഫ് ഐആറില്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലെ അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അവയവദാനത്തിന് ഇടനിലക്കാരായി നില്‍ക്കുന്നവര്‍ തട്ടിപ്പിനിരയാക്കിയവരെല്ലാം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തില്‍. സര്‍ക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ക്കു നേതൃത്വം നല്‍കിയത് അവയവ മാഫിയാണ്. ഏജന്‍റുമാര്‍ക്കു വലിയ പ്രതിഫലം ലഭിക്കുമ്പോള്‍ അവയവം നല്‍കിയവരെ ചെറിയ തുക നല്‍കി ചതിക്കുകയാണ് ചെയ്യുന്നത്.

https://youtu.be/oXYhiutqfkA

ആശുപത്രി ചിലവുകള്‍ മാത്രം ലഭിച്ച് ചതിക്കപ്പെട്ടവരും വിവാഹ വാഗ്ദാന തട്ടിപ്പിനിരയായവരും ഉണ്ട്. അവയവം ദാനം ചെയ്തവരില്‍ പലര്‍ക്കും തുടര്‍ പരിചരണം ലഭിക്കാത്തതിനാല്‍ രോഗികളായതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. വൃക്ക കൈമാറ്റമാത്തിലാണ് മാഫിയ സജീവമായി ശ്രദ്ധിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി നടന്ന 35 അവയവ കൈമാറ്റങ്ങളെങ്കിലും നിയമവിരുദ്ധമായിട്ടാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നു. ഇങ്ങനെ അവയവങ്ങള്‍ സ്വീകരിച്ചവരില്‍ തമിഴ്‌നാട്ടുകാരുമുണ്ട്.

മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവം ദാനം ചെയ്യുന്നതിനു പലപ്പോഴും ബന്ധുക്കള്‍ തയാറാകുന്നില്ലെന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.ഇത് പലപ്പോഴും അവയവ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാണ്. ഉറ്റ ബന്ധുക്കള്‍ ദാതാക്കളാകുന്ന ലൈവ് ഡോണര്‍ ട്രാന്‍സ്പ്ലാന്‍റാണ് കൂടുതലും നടക്കുന്നത്. കൊവിഡായതിനാല്‍ ഇതിലും വലിയ കുറവുണ്ട്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം ഈ മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവകരമായ വസ്തുത. വരും ദിവസങ്ങളില്‍ അന്വേഷണം മുറുകുന്നതോടെ സംസ്ഥാനത്തെ മള്‍ട്ടി സ്‌പെഷ്യാലിറ്റി സ്വകാര്യ ആശുപത്രികള്‍ ചിലത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.

Comments (0)
Add Comment