ശബ്ദരേഖ സന്ദേശം ചോർന്നതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും

ശബ്ദരേഖ സന്ദേശം ചോർന്നതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും. സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ജയിൽവകുപ്പിന് കത്ത് നൽകും. അതെ സമയം പോലീസ് റിപ്പോർട്ടിനു ശേഷമാകും ഇഡിയുടെ തുടർ നീക്കം.

ഏറെ ദൂരൂഹതകളുള്ളതാണ് സ്വപ്നയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം. ജയിൽ വകുപ്പിന്റെ പരാതിയിൽ അന്വേഷണം നടത്താനാകില്ല എന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുവെന്ന പ്രചാരണത്തിൽ അന്വേഷണം വേണമെന്ന് ഇഡി നിലപാട് കടുപ്പിച്ചതോടെയാണ് അന്വേഷണത്തിനുള്ള തീരുമാനം. സ്വപ്നയുടെ മൊഴിയെടുത്ത ശേഷമാകും കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ തീരുമാനമെടുക്കുക. സൈബർ സെൽ സ്‌പെഷ്യൽ അഡീഷണൽ എസ്പി ഇ എസ് ബിജുമോൻറെ നേതൃത്വത്തിലുള്ള പ്രത്യേക സഘമായിരിക്കും ശബ്ദരേഖ ചോർച്ച അന്വേഷിക്കുക. പ്രാഥമിക അന്വേഷണത്തിലും സങ്കീർണ്ണതകളേറെയാണ്. ജൂഡീഷ്യൽ അന്വേഷണത്തിൽ കഴിയുന്ന സ്വപ്നയുടെ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി വേണം. അന്വേഷണ സംഘമോ ജയിൽവകുപ്പോ അനുമതി വാങ്ങണം. ശബ്ദരേഖ ഫോറൻസിക്പരിശോധന നടത്തണമെങ്കിൽ കേസെടുക്കണം. സ്വപ്നയെ കൂടാതെ സ്വപ്നയെ സന്ദർശിച്ച ബന്ധുക്കൾ, ജയിൽ ഉദ്യോഗസ്ഥർ എന്നിവരുടേയും മൊഴിയെടുത്തേക്കും. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇഡിയുടെ തുടർ നീക്കം. സ്വപ്ന കൂടി ഉൾപ്പെട്ട ഗൂഡാലോചനയാണ് ശബ്ദരേഖചോർച്ചക്ക് പിന്നിലെന്നാണ് എൻഫോഴസ്‌മെൻറ് സംശയം.

Comments (0)
Add Comment