വടകര ലോക്‌സഭാ മണ്ഡലം: അവകാശവാദമുന്നയിച്ച് വീരേന്ദ്രകുമാർ; നൽകില്ലെന്ന് സി.പി.എം.

Jaihind Webdesk
Friday, December 28, 2018

Virendra-kumar-Pinarayi

വടകര ലോക്‌സഭാ സീറ്റിൽ അവകാശവാദമുന്നയിച്ച് ലോക് താന്ത്രിക് ജനതാദൾ രംഗത്തെത്തിയതോടെ സീറ്റിനെ കുറിച്ചുള്ള തർക്കം ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമാക്കുന്നു. വടകര ലോക്‌സഭാ മണ്ഡലം തങ്ങൾക്ക് അവകാശപ്പെട്ടെതെന്നാണ് എൽ.ജെ.പി ജില്ലാ മനതൃത്വത്തിന്റെ വാദം. വടകര ലോക്‌സഭാ മണ്ഡലം വിട്ടുകൊടുക്കില്ലെന്നും തങ്ങളുടെ പാർട്ടി സ്ഥാനർത്ഥി തന്നെ മത്സരിക്കുമെന്നും എൽ.ജെ.പി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ പറയുന്നു. 2009ൽ കോഴിക്കോട് ലോക്‌സഭാ സീറ്റിനെ കുറിച്ചുള്ള തർക്കമാണ് എം.പി വീരേന്ദ്ര കുമാറും അന്നത്തെ ജനതാദളിന്റെ ഒരു വിഭാഗവും എൽ.ഡി.എഫ് വിട്ടത്.

വീണ്ടും പത്ത് വർഷത്തിന് ശേഷം എൽ.ഡി.എഫ് പ്രവേശനം നേടിയ വീരേന്ദ്രകുമാറും സംഘവും ലോക്‌സഭാ സീറ്റ് തർക്ക വിഷയമാക്കുകയാണ്. എന്നാൽ ഒരു കാരണവശാലും വടകര ലോക്‌സഭാ മണ്ഡലം എൽ.ജെ.പിക്ക് നൽകില്ലെന്നാണ് സി.പി.എം ജില്ലാ – സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. സീറ്റ് ചർച്ചകൾ എൽ.ഡി.എഫിൽ ആരംഭിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കുന്നു. വടകര ലോക്‌സഭാ സീറ്റിനെ കുറിച്ച് എൽ.ജെ.പിക്ക് തങ്ങൾ യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കുന്നു. എന്തായാലും വടകര സീറ്റിനെ ചൊല്ലിയുള്ള എൽ.ജെ.പിയുെട അവകാശവാദം സി.പി.എം നേതൃത്വത്തിനും എൽ.ഡി.എഫിനും ഒരു കീറാമുട്ടിയാകും.