തിരുവനന്തപുരം: കേരളത്തിന്‍റെ നവോത്ഥാനത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ എന്‍.എസ്.എസിനെ അപമാനിക്കുന്നതിലൂടെ വര്‍ഗ്ഗീയ മതിലാണ് തങ്ങള്‍ കെട്ടാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തുറന്ന് സമ്മതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
വനിതാ മതിലിന് പിന്നിലെ വര്‍ഗ്ഗീയ അജണ്ട തുറന്നു കാട്ടപ്പെട്ടതിലെ രോഷം തീര്‍ക്കുന്നതിന് എന്‍.എസ്.എസുപോലുള്ള സംഘടനകളെ അപമാനിക്കുന്നത് ശരിയല്ല. മന്നത്ത് പത്മനാഭനും എന്‍.എസ്സഎസും നവോത്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞവയാണ്.
പിണറായിയും കോടിയേരിയും വിചാരിച്ചാലൊന്നും ആ ചരിത്രത്തില്‍ ഒരു പോറലുമേല്പിക്കാനാവില്ല. വൈക്കം സത്യാഗ്രഹത്തിന് ശക്തി പകര്‍ന്നു കൊണ്ടു മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ നടന്ന സവര്‍ണ്ണ ജാഥ കേരളത്തിന് മറക്കാന്‍ കഴിയുന്നതെങ്ങനെ? സി.പി.എം നിര്‍മിക്കാന്‍ പോകുന്നത് വര്‍ഗ്ഗീയ മതിലാണെന്ന് തിരിച്ചറിഞ്ഞ് അതില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാമൂഹ്യസംഘടനകളെയും പ്രവര്‍ത്തകരെയും ചലച്ചിത്ര താരങ്ങളെയും മറ്റും അപമാനിക്കുകയും അതേ സമയം തങ്ങളോടൊപ്പം നില്‍ക്കുന്ന സി.പി.സുഗതനെപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കുകയുമാണ് സി.പി.എം ചെയ്യുന്നത്. ഒപ്പം നിന്നാല്‍ ശ്രേഷ്ഠന്മാരും ഇല്ലെങ്കില്‍ മോശക്കാരുമാക്കുന്നതാണ് സി.പി.എമ്മിന്റെ നയം.
കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ ന്യൂനപക്ഷങ്ങളെ ഒഴിവാക്കി്‌ക്കൊണ്ടു നിര്‍മ്മിക്കുന്ന വര്‍ഗ്ഗീയ മതില്‍ സംസ്ഥാനത്ത് സമൂദായികവും വര്‍ഗ്ഗീയവുമായ ധ്രൂവീകരണത്തിനാവും വഴി ഒരുക്കുക. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും അയ്യാവൈകുണ്ഠ സ്വാമികളും ചാവറ അച്ചനും അര്‍ണോസ് പാതിരിയും പൊയ്കയില്‍ അപ്പച്ചനും വൈക്കം അബ്ദുള്‍ ഖാദര്‍ മൗലവിയും ഉല്പതിഷ്ണുക്കളുമായ മറ്റുു നിരവധി സാമൂഹ്യ നേതാക്കളും നല്‍കിയ സംഭാവനകളിലൂടെയാണ് കേരളത്തിലെ നവോത്ഥാനം രൂപപ്പെട്ടത്. ആ മുനുഷ്യ സ്‌നേഹികളുടെ യത്‌നങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ് സി.പി.എം ഇപ്പോള്‍ ചെയ്യുന്നത്. എന്‍.എസ്.എസ് പോലുള്ള സംഘടനകളെ അപമാനിക്കാതെ തെറ്റു തിരുത്തുകയാണ് സി.പി.എം ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.